അഡ്‌മിഷന് മുൻപ് – OPINION – FEATURE – Kerala Kaumudi




OR

എവിടെ പഠിക്കണമെന്നുള്ള ചിന്തയ്‌ക്ക് വിരാമമാകുന്നത് പലപ്പോഴും പലതരം ആശയക്കുഴപ്പങ്ങൾക്ക് ശേഷമാകും. തിരഞ്ഞെടുപ്പ് തെറ്റിയാൽ ബിരുദം ലഭിച്ചിട്ടും കാര്യമില്ല. കാരണം അത് ആകെ വിദ്യാഭ്യാസ നിലവാരത്തെയും പിന്നീടുള്ള കരിയറിനെയും ബാധിച്ചേക്കാം. അക്കാഡമികമായും അന്തരീക്ഷപരമായും അനുയോജ്യമായ കോളേജ് കണ്ടെത്താൻ ചില മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

കോഴ്സുകൾ

കോളേജ് തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് അവർ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകളാണ്. കോഴ്സുകളുടെ അടിസ്ഥാനത്തിൽ കോളേജുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ താരതമ്യം ചെയ്ത് മികച്ചത് തിരഞ്ഞെടുക്കുക.

ലൊക്കേഷൻ

താമസസ്ഥലത്ത് നിന്നും മാറിത്താമസിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ സമീപത്തുള്ള കോളേജ് തിരഞ്ഞെടുക്കാമെങ്കിലും ദൂരെയാണെങ്കിലും മികച്ചതും പ്ലേസ്‌മെന്റ് സാദ്ധ്യതയുള്ളതുമായ നല്ല സ്ഥാപനം തിരഞ്ഞെടുക്കാൻ പരമാവധി ശ്രമിക്കണം. അത്തരം സന്ദർഭങ്ങളിൽ ദൂരം ഒരു പരിമിതിയാവരുത്. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുമുള്ള വിദ്യാർത്ഥികൾ, മികച്ച കോളേജുകളും തങ്ങൾക്കിഷ്ടപ്പെട്ട കോഴ്സും തേടി മുംബയ്, ഡൽഹിപോലുള്ള മഹാനഗരങ്ങളിലേക്ക് മാറാറില്ലേ.

പഠനച്ചെലവ്

കോളേജ് തിരഞ്ഞെടുക്കമ്പോൾ തീർച്ചയായും കണക്കിലെടുക്കേണ്ട ഒന്നാണ് പഠനച്ചെലവ്. പല ബാങ്കുകളും വിദ്യാർത്ഥികൾക്ക് പഠനവായ്പ നൽകുന്നുണ്ട്. കോളേജിൽ നിന്ന് താൽക്കാലിക അഡ്മിറ്റ് കാർഡ് നേടിയാൽ ലോൺ അപേക്ഷയുടെ പ്രോസസ് തുടങ്ങാം. ലോൺ ലഭിക്കുമ്പോൾ മുതൽ പലിശത്തുക മാസാടിസ്ഥാനത്തിൽ അടയ്‌ക്കേണ്ടി വന്നേക്കാം, കോഴ്‌സ് പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിലോ ജോലിയിൽ പ്രവേശിച്ച ശേഷമോ ആയിരിക്കും ലോൺതുക തിരിച്ചടയ്ക്കേണ്ടിവരിക. വായ്പയ്ക്ക് സെക്യൂരിറ്റിയോ ഈടുകളോ പൊതുവേ നൽകേണ്ടതില്ല. അതേസമയം, ഈ വായ്പ വലിയ കടബാദ്ധ്യതയായി മാറാതെ നോക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. അഡ്മിഷനെടുക്കുന്ന സ്ഥാപനങ്ങൾത്തന്നെ പലപ്പോഴും ബാങ്ക് ലോണെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കാറുണ്ട്.

കോളേജ് പ്രവേശനത്തിന് വിവേകപൂർണമായ തീരുമാനമെടുക്കാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന ചില ഘടകങ്ങൾ :
* സ്ഥാപനത്തിന് നിയമപരമായ അംഗീകാരമുണ്ടോ?
* സ്ഥാപനത്തിന് ശരിയായ അഫിലിയേഷനുണ്ടോ?
* സ്ഥാപനം അംഗീകൃതവും അക്രഡിറ്റഡും റേറ്റിങ്ങുമുള്ളതാണോ?
കോളേജ് നടത്തുന്നതിനുള്ള അംഗീകാരം സ്റ്റാറ്റ്യൂട്ടറി ബോഡികളാണ് നൽകുന്നത്. മെഡിക്കൽ രംഗത്തെ പ്രൊഫഷണൽ കോളേജുകൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, നഴ്‌സിംഗ് കൗൺസിൽ ഒഫ് ഇന്ത്യ (NCI), AICTE തുടങ്ങിയ കൗൺസിലുകളാണ് അംഗീകാരം നൽകുന്നത്. യു.ജി.സി ആണ് മറ്റ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയാൽ പ്രാക്ടീസ്, രജിസ്‌ട്രേഷൻ, ഉന്നത ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം എന്നിവ നേടാനാവില്ല. ചില കോളേജുകൾ തങ്ങൾ അംഗീകാരം നേടുന്ന പ്രക്രിയയിലാണെന്ന് അവകാശപ്പെട്ടേക്കാം, ഈ അവകാശവാദം കണ്ണടച്ച് വിശ്വസിക്കാതെ യുക്തിസഹമായി പരിശോധിക്കുക.
മാനദണ്ഡവും നിലവാരവും നിലനിറുത്തുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നഷ്ടപ്പെടും. അതിനാൽ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ പ്രസിദ്ധീകരിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ അപ്‌ഡേറ്റ് ലിസ്റ്റും നിലവിലെ അദ്ധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയും അഡ്മിഷനെടുക്കും മുമ്പ് പരിശോധിക്കുക. ഒന്നിലധികം ബാച്ചുകൾ പഠിച്ചിറങ്ങിയ സ്ഥാപനം തിരഞ്ഞെടുക്കുന്നത് താരതമ്യേന സുരക്ഷിതമാണ്, കാരണം ഇത്തരം സ്ഥാപനങ്ങൾക്ക് സ്ഥിരമായ അംഗീകാരമുണ്ടായിരിക്കാം.
ഒരു സ്ഥാപനത്തിന് അനിവാര്യമായ അംഗീകാരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരാണ് നൽകുന്നത്. സ്ഥിരാംഗീകാരത്തിനൊപ്പം താത്കാലിക അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ചില കോളേജുകൾ അവരുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങളുടെ മറവിലും ലൈസൻസിലും പ്രവർത്തിക്കാറുണ്ട്. പ്രവേശനം തേടുന്ന സ്ഥാപനം ലൊക്കേഷൻ, പരിസരം, വിലാസം എന്നിവപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
സ്ഥാപിത സർവകലാശാലകൾക്ക് മാത്രമേ ബിരുദങ്ങൾ നൽകാൻ കഴിയൂ. ബിരുദങ്ങൾ നൽകുന്നതിന് സ്ഥാപനം യു.ജി.സി അംഗീകരിച്ച സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കണം. നിങ്ങൾ പ്രവേശനം തേടുന്ന കോളേജ് ഒരു അംഗീകൃത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം നിങ്ങൾക്ക് ഉപരിപഠനത്തിനും എമിഗ്രേഷനുള്ള ട്രാൻസ്‌ക്രിപ്റ്റ് നേടുന്നതിനും പ്രശ്‌നങ്ങളുണ്ടാകും.

‘കേന്ദ്രസംസ്ഥാനയുജിസി നിയമത്തിന് കീഴിൽ സ്ഥാപിതമായിട്ടില്ലാത്ത’ സ്ഥാപനങ്ങളാണ് വ്യാജ സർവകലാശാലകൾ. ഇവയ്ക്ക് ബിരുദങ്ങൾ നൽകാൻ അധികാരമില്ല.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ സ്ഥാപിച്ചതോ അംഗീകരിച്ചതോ ആയ പ്രൊഫഷണൽ കൗൺസിലുകളാണ് കോഴ്‌സുകളുടെ അംഗീകാരം അല്ലെങ്കിൽ അക്രഡിറ്റേഷൻ തീരുമാനിക്കുന്നത്..
അംഗീകാരവും അക്രഡിറ്റേഷനും റേറ്റിംഗും നൽകുന്ന നമ്മുടെ രാജ്യത്തെ ചില പ്രധാന സ്ഥാപനങ്ങൾ താഴെ കൊടുക്കുന്നു

* National Board of Accreditation(NBA)
* Quality Council of India (QCI)
* Distance Education Council (DEC)
* National Council for Teacher Education (NCTE)
* Indian Council of Agricultural Research (ICAR)
* Bar Council of India (BCI)
* Rehabilitation Council of India (RCI)
* Medical Council of India (MCI)
* Pharmacy Council Of India (PCI)
* Indian Nursing Council (INC)
* Dental Council of India (DCI)
* Central Council of Homoeopathy (CCH)
* Central Council of Indian Medicine (CCIM)
* National Assessment and Accreditation Council (NAAC)
* Ministry of Human Resource Development (MHRD)
* Association of Indian Universities (AIU)
* Indian Maritime University(IMU)
* Indira Gandhi National Open University (IGNOU)

മിനിമം സ്റ്റാൻഡേർഡ്

കോളേജുകൾ സ്ഥാപിക്കണമെങ്കിൽ ചില മിനിമം മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ മാനദണ്ഡങ്ങളും സൗകര്യങ്ങളും സ്ഥാപനം നൽകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ ഉത്തരവാദിത്തമാണ്. എങ്കിലും, ഈ മാനദണ്ഡങ്ങളെക്കുറിച്ച് നമുക്കും അറിവുണ്ടായിരിക്കണം. അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റി, ലൈബ്രറി സൗകര്യങ്ങൾ, ലബോറട്ടറികൾ, കോ കരിക്കുലർ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് നമ്മുടേതായ രീതിയിൽ അന്വേഷിക്കുക.

ഫാക്കൽറ്റി
നല്ല വിദ്യാഭ്യാസം നേടാനുള്ള ഏറ്റവും നിർണായകമായ വശം അറിവും യോഗ്യതയും പ്രോത്സാഹന മനഃസ്ഥിതിയുമുള്ള അധ്യാപകരിൽനിന്ന് പരിശീലനം നേടുക എന്നതാണ്. പല സ്ഥാപനങ്ങളും ഗസ്റ്റ് അദ്ധ്യാപകരുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. അവർ പലപ്പോഴും ശരിയായ യോഗ്യതയില്ലാത്തവരായിരിക്കും. അതിനാൽ ഒരു സ്ഥാപനത്തെക്കുറിച്ച് നിങ്ങൾ അന്വേഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫാക്കൽറ്റികളുടെ ലഭ്യതയും അവരുടെ യോഗ്യതയും കഴിവുമാണ്.

അഡ്മിഷൻ
നേടും മുമ്പ്
അറിയാൻ

അദ്ധ്യാപക യോഗ്യത

* പിജി യോഗ്യതയുള്ള സ്ഥിരം അദ്ധ്യാപകരുണ്ടെന്ന് ഉറപ്പാക്കുക.
* 50 ശതമാനം ഫാക്കൽറ്റികളെങ്കിലും കുറഞ്ഞത് മൂന്ന് വർഷമായി സ്ഥിരസേവനം ചെയ്യുന്നവരാണെന്ന് ഉറപ്പാക്കുക.
* കുറഞ്ഞത് 25 ശതമാനം ഫാക്കൽറ്റികളെങ്കിലും സീനിയേഴ്സും ബന്ധപ്പെട്ട മേഖലയുമായി സമ്പർക്കം പുലർത്തുന്നവരും ആയിരിക്കണം.
* ഫാക്കൽറ്റി (Full Time) – വിദ്യാർത്ഥി അനുപാതം 1:20 ആയിരിക്കണം.

റെപ്യൂട്ടേഷൻ
നല്ല സ്ഥാപനത്തിൽനിന്ന് നേടുന്ന ഡിഗ്രിക്ക് തൊഴിലുടമകൾ വലിയ മൂല്യം കൊടുക്കും. ചില കോളേജുകൾ ചില മേഖലകളിലെ മികച്ച വിദ്യാഭ്യാസത്തിന് പേരുകേട്ടതാണ്.

എല്ലാ കോളേജിനും ഒരു പൊതു പ്രതിച്ഛായയുണ്ട്. ഉദാഹരണത്തിന് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ്, മിറാൻഡ ഹൗസ്, പ്രസിഡൻസി കോളേജ് അല്ലെങ്കിൽ മുംബയിലെ സോഫിയ, നിങ്ങൾ അവിടെ പഠിക്കുകയാണെന്നോ അവിടെനിന്ന് പഠിച്ചിറങ്ങിയെന്നോ പറയുമ്പോൾ മറ്റുള്ളവർ നിങ്ങൾക്കു തരുന്ന ബഹുമാനത്തിൽനിന്ന് ആ സ്ഥാപനത്തിന്റെ വില തിരിച്ചറിയാം.
ഒരു കോളേജിന്റെ പരീക്ഷാഫലങ്ങളുടെ ട്രാക്ക് റെക്കോർഡും കാമ്പസ് പ്ലേസ്‌മെന്റ് റെക്കോർഡും സ്ഥാപനത്തിന്റെ അക്കാഡമിക് ശക്തിയുടെ നല്ല സൂചകങ്ങളാണ്.
സംസ്ഥാനങ്ങളിലെ ഫീ കമ്മിറ്റികൾ നിശ്ചയിച്ച തുകയേക്കാൾ കൂടുതലായി ഫീസ് ഈടാക്കി വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് കബളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ
വ്യക്തിഗത കഴിവുകൾ സമ്പന്നമാക്കുന്ന സ്ഥാപനം തിരഞ്ഞെടുക്കുക. സ്‌പോർട്‌സ് ഇഷ്ടമാണെങ്കിൽ, കാണാനോ പങ്കെടുക്കാനോ ആഗ്രഹിക്കുന്ന കായിക ഇനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. സാംസ്‌കാരികവും വ്യക്തിത്വവുമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കോളേജുകൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

പ്ലേസ്‌മെന്റ് റെക്കോർഡ്
കമ്പനികളുടെ ഗുണനിലവാരം, എത്ര കമ്പനികൾ വീണ്ടും വീണ്ടും കാമ്പസ് പ്ലേസ്‌മെന്റിനായി വരുന്നു, കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന മിനിമം പാക്കേജെന്ത് തുടങ്ങിയ കാര്യങ്ങളിൽനിന്ന് പ്ലേസ്‌മെന്റ് നിലവാരം മനസിലാക്കാം.
പ്ലേസ്‌മെന്റുകൾ നേടുന്നത് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ജോലിയല്ലെങ്കിലും സ്ഥാപനത്തിന് നിലവാരമുണ്ടെങ്കിൽ 70 ശതമാനം വിദ്യാർത്ഥികൾക്കെങ്കിലും ഓരോ വർഷവും ജോലി ലഭിച്ചിരിക്കും.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top