അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലാവകാശ സംരക്ഷണവും നിയമവും – Metrovaartha




പ്രീ-പ്രൈമറി മുതലുള്ള അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷൻ കൂടിയാലോചനായോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മീഷനും കേരള യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ബാലവകാശ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സ് റെഗുലറായും വിദൂരവിദ്യാഭ്യാസം വഴിയും ആരംഭിക്കുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. പാഠ്യപദ്ധതിയിൽ UNCR, ഇന്ത്യൻ ഭരണഘടനയും കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസ അവകാശ നിയമം 2009, ഭിന്നശേഷി അവകാശ നിയമം 2016, പോക്‌സോ ആക്റ്റ് 2012 ജെ. ജെ. ആക്റ്റ് (ബാലനീതി നിയമം) 2015 തുടങ്ങിയവ ഉൾപ്പെടുത്തുന്നതാണ് പരിഗണിക്കുക.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി നടത്തുന്ന PPTTC D.El.Ed കോഴ്‌സുകളുടെയും,  കേരള, കണ്ണൂർ,  മഹാത്മാഗാന്ധി, സെൻട്രൽ സർവകലാശാലകളും, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, ചിന്മയ വിദ്യാപീഠം എന്നിവരും നടത്തുന്ന B.Ed, M.Ed അധ്യാപക പരിശീലന കോഴ്‌സുകളുടെയും സിലബസ്സുകൾ കമ്മീഷൻ വിശദമായി പരിശോധിച്ചു. സിലബസിൽ എഡ്യൂക്കേഷണൽ ഫിലോസഫി, എഡ്യൂക്കേഷണൽ സൈക്കോളജി, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഡ്യൂക്കേഷണൽ പെഡഗോഗി എന്നിവയുടെ വിശദീകരണവും കേസ് സ്റ്റഡികളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാലാവകാശങ്ങളെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും പരിമിതമായ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കമിഷൻ യോഗം സംഘടിപ്പിച്ചത്.
യോഗത്തിൽ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോ. സുനില തോമസ്, പ്രൊഫ. മിനിക്കുട്ടി, കേരള സർവകലാശാലയിൽ നിന്നും ഡോ. ദിവ്യ. സി. സേനൻ, ഡോ. ഐസക് പോൾ, ഡോ. ബിന്ദു ആർ.എൽ, കലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡോ. ഹേമലത തിലകം, ഡോ. അബ്ദുൽ ഗഫൂർ, അമൃത് ജി. കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് രാജേഷ്, ഇഗ്നോ സർവകലാശാലയിൽ നിന്ന് ഡോ. റ്റി. ആർ സത്യകീർത്തി. ഡോ. പ്രമോദ് ദിനകർ, കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോ. എം. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ കമ്മീഷൻ അംഗം റെന്നി ആന്റണി സ്വാഗതം പറഞ്ഞു. ബി. ബബിത നന്ദി പ്രകാശിപ്പിച്ചു. സി. വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. അംഗങ്ങളായ ശ്യാമളാദേവി പി.പി., എൻ.സുനന്ദ, ജലജമോൾ റ്റി.സി., രജിസ്ട്രാർ മിനി ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.
© metrovaartha 2023

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top