ഇന്നും ജീവിക്കുന്ന ചില തടാകങ്ങൾ … – വനിത | Vanitha




Recipient’s Mail:
Your Name:
Your E-mail ID:
Your Comment:
ഇന്ത്യയിലെ മികച്ച ശിൽപവിദ്യകളിൽ പെടുന്നു കാകതീയ കാലത്തെ നിർമിതികൾ. എന്നാൽ അക്കാലത്തെ ഭരണാധികാരികളെ അനശ്വരരാക്കുന്നത് ശിൽപസമ്പന്നമായ നിർമിതികൾ മാത്രമല്ല, ഇന്നും ജീവിക്കുന്ന ചില തടാകങ്ങളാണ്…
തടാകനാട്, ശിൽപങ്ങളുടെയും
പഴയ സാമ്രാജ്യങ്ങളെ പലതിനെയും ഇന്ന് ഓർമിപ്പിക്കുന്നത് അക്കാലത്തെ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും സ്മാരകങ്ങളും ഒക്കെയാണ്. എന്നാൽ ഇന്നത്തെ തെലങ്കാനയിലെ വറംഗൽ തലസ്ഥാനമാക്കി ഭരിച്ച കാകതീയ ഭരണാധികാരികൾ ഇക്കാര്യത്തിൽ വ്യത്യസ്തരായി നിൽക്കുന്നു. അവരുടെ കാലഘട്ടം ഇന്ത്യയിലെ മറ്റേതൊരു സാമ്രാജ്യത്തിന്റെയും കലാസംഭാവനകളോട് കിടപിടിക്കത്തക്ക നിർമിതികൾ‌ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കാകതീയരുടെ ജീവിക്കുന്ന സ്മാരകങ്ങൾ അവർ ദീർഘവീക്ഷണത്തോടെ നിർമിച്ച തടാകങ്ങളാണ്. ഇന്നും പല പ്രദേശങ്ങളിലും ദൈനംദിന ആവശ്യങ്ങൾക്കും കൃഷിയ്ക്കും പ്രയോജനപ്പെടുന്ന വലിയ തടാകങ്ങൾ കാകതീയ ഭരണകാലത്ത് നിർമിച്ചവയാണ്. ആധുനിക കാലത്ത് ഇവയിൽ പലതിന്റെയും വിനോദ സഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. തടാകങ്ങളും കുളങ്ങളും 46000 ഓളം വരുന്ന ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കാൻ മിഷൻ കാകതീയ എന്നൊരു പ്രത്യേക പ്രൊജക്ട് തന്നെ സംസ്ഥാന സർക്കാർ നടപ്പിലാക്കി.
ഏകശിലാ തടാകം, ഭദ്രകാളി തടാകം എന്നിവ വറംഗൽ ടൗണിനടുത്തുതന്നെയാണ്. വറംഗൽ ടൗണിൽനിന്നും എളുപ്പം എത്താവുന്ന, വിനോദസഞ്ചാര കേന്ദ്രങ്ങൾകൂടിയാണ് പാഖൽ തടാകവും ലഖ്നവാരം തടാകവും. വറംഗലിലെ പ്രധാന കാഴ്ചകൾ കണ്ട് അരദിവസം മാറ്റിവച്ചാൽ പാഖൽ ലേക്കും അതിനോടു ചേർന്നുള്ള വന്യജീവി സങ്കേതവും സന്ദർശിക്കാവുന്നതേ ഉള്ളു.
തെലങ്കാനയിലെ തേക്കടി
തേക്കടിപോലെ ഒരു ദിവസം താമസിച്ചു കാണാനുണ്ട് ലഖ്നാവരം ലേക്ക്. കാടും മലയും തടാകവും എല്ലാം അനുഭവിക്കാവുന്ന സ്ഥലം. പ്രശസ്തമായ രാമപ്പക്ഷേത്ര സന്ദർശനത്തിനുശേഷം പാലംപേട്ടിൽനിന്നും ഇവിടെ വന്നു തടാകം കണ്ട് തിരിച്ചു പോകാം. മനോഹരമായൊരു വനത്തിനോട് ചേർന്നാണ് ലഖ്നവാരം. ടിക്കറ്റെടുത്ത് അകത്തു പ്രവേശിച്ചാൽ ഒരു ഒരു തൂക്കുപാലത്തിലൂടെ നടന്ന് തടാകത്തിന്റെ നടുക്കുള്ള ഒരു ദ്വീപിലെത്താം. ഇവിടെ സംസ്ഥാന ടൂറിസംവകുപ്പിന്റെ വക ഒരു ഹോട്ടലും ലോഡ്ജും ഉണ്ട്. ഇവിടത്തെ ബോട്ടുജെട്ടിയിൽനിന്നും സ്പീഡ് ബോട്ടിലും വലിയ ബോട്ടിലുമൊക്കെ ബോട്ടിങ് നടത്താനും സൗകര്യമുണ്ട്. ഇവിടെ താമസിച്ച് പ്രകൃതിഭംഗി ആസ്വദിക്കാൻ താൽപര്യമുള്ളവർക്കായി കാട്ടിനുള്ളിൽ പക്ഷിനിരീക്ഷണത്തിനും മിനി ട്രക്കിങ്ങിനും കാളവണ്ടി യാത്രയ്ക്കും ഒക്കെ ആവശ്യാനുസൃതം അവസരമൊരുക്കാൻ വിനോദസഞ്ചാര വകുപ്പ് തയ്യാറാണ്.
ഏകശിലാ തടാകം
12–ാം നൂറ്റാണ്ടിൽ കാകതീയ രാജാവായിരുന്ന ഗണപതിദേവ ആണ് ഒരുഗല്ലു കോട്ട അഥവാ എകശിലാനഗരം പണിതുയർത്തിയത്. വറംഗൽ കോട്ടയുടെ ഉള്ളിലുള്ള ഒരു വലിയ പാറക്കെട്ടാണ് ഒരുഗല്ല് അഥവാ ഏകശില. അതിന്റെ ഉച്ചിയിൽ ഒരു ക്ഷേത്രവും നിരീക്ഷണഗോപുരവും കാണാം. ഇതിന്റെ ചുറ്റുപാടും ഇപ്പോഴൊരു പാർക്ക് ആയി വികസിപ്പിച്ചിരിക്കുന്നു. ഇവിടേക്ക് പ്രത്യേകം ടിക്കറ്റിലാണ് പ്രവേശനം. ഏകശിലാ പാറക്കെട്ടിനു താഴെ കാകതീയമുദ്രയായ ഒരു വലിയ തടാകം നിർമിച്ചിട്ടുണ്ട്.
വറംഗൽ ഫോർട് മ്യൂസിയം
ഡൽഹി സുൽത്താനേറ്റിന്റെ ആക്രമണത്തിൽ പരാജയപ്പെട്ട് നിശ്ശേഷം തകർക്കപ്പെട്ട വറംഗൽ കോട്ടയിലെ രാജമന്ദിരങ്ങളുടെയും ക്ഷേത്രങ്ങളുടെയും അവശേഷിപ്പുകൾ സമാഹരിച്ചതാണ് വറംഗൽ ഫോർട് മ്യൂസിയം. ഇതൊരു ഓപൺഎയർ മ്യൂസിയമാണ്. കമ്പിവേലികെട്ടിയ വിശാലമായ ഒരു പുൽമൈതാനം. അതിന്റെ പലഭാഗത്തും ഒട്ടേറെ കരിങ്കൽക്കെട്ടുകളും ശിലാഖണ്ഡങ്ങളും പ്രതിമകളും മറ്റും. പലഭാഗങ്ങളും ഒറ്റനോട്ടത്തിൽ ഒരു ആർട് ഇൻസ്റ്റലേഷൻപോലെ തോന്നും. കാകതീയഭരണകർത്താക്കൾ നിർമിക്കുകയും അവരുടെ ഭരണമവസാനിച്ചതോടെ തകർക്കപ്പെടുകയും ചെയ്ത കോട്ടകളുടെയും ക്ഷേത്രങ്ങളുടെയും ബാക്കിപത്രമായി കിട്ടിയ ഭാഗങ്ങൾ പെറുക്കി എടുത്ത് ഈ മൈതാനത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. അതിൽ പല തൂണുകളും മണ്ഡപങ്ങളും ഒക്കെ അടുക്കിച്ചേർത്ത് കുറച്ചൊക്കെ പുനസ്ഥാപിച്ചിട്ടുമുണ്ട്.
കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് വറംഗൽ ഫോർട് മ്യൂസിയം. പുറത്തുനിന്നു നോക്കുമ്പോൾ ചെറുതായി തോന്നുമെങ്കിലും അകത്ത് മനോഹരമായ കരിങ്കൽ കൊത്തുപണികളുടെ വിശാലമായ പ്രദർശനമാണ്.
ഗേറ്റ് കടന്ന് അകത്തേക്കു കേറുമ്പോൾത്തന്നെ വലിയ വലിയ എടുപ്പുകളുടെ കരിങ്കല്ലിലുള്ള മേൽക്കുരകളും ഉത്തരങ്ങളും കാണാം. ഏതോ വലിയ മുറിയുടേതോ അല്ലങ്കിൽ ക്ഷേത്രമണ്ഡപം പോലെ ഒന്നിന്റെയോ മേൽഭാഗത്ത് ഇരുന്നിരുന്ന ഒരു ശിലാഖണ്ഡത്തിൽ പെട്ടന്ന് ശ്രദ്ധ ഉടക്കി. ഇന്ന് യന്ത്രസഹായത്തോടെ കൊത്തി എടുക്കുന്നതിനെക്കാൾ സൂക്ഷ്മവും വിശദാംശങ്ങളുള്ളതുമായ ഡിസൈൻ ഇതിൽ നമുക്കു കാണാനാകും. താമരമൊട്ടുകളും ഇതളുകളും വള്ളികളും ഒക്കെ കാൻവാസിൽ വരയ്ക്കുന്നതുപോലെ കല്ലിൽ കൊത്തിവെച്ചിരിക്കുന്നു! ഇതുപോലെ ഉത്തരങ്ങളുടെയും തൂണുകളുടെയും തൂവാനങ്ങളുടെയും ഒക്കെ ഭാഗങ്ങൾ.
കീർത്തിതോരണങ്ങൾ
അശോകസ്തംഭം പോലെ പ്രശസ്തമാണ് കാകതീയ കീർത്തിതോരണങ്ങൾ. വറംഗൽ കോട്ടയ്ക്കുള്ളിൽ സ്വയംഭൂക്ഷേത്രത്തിനു ചുറ്റു നാലുദിക്കിലായി സ്ഥാപിച്ചിരുന്ന സൗന്ദര്യത്തിളക്കമുള്ള കവാടങ്ങളാണിവ. ഇപ്പോൾ ഫോർട് മ്യൂസിയത്തിനുള്ളിൽ നാലുദിക്കുകളെ അലങ്കരിക്കുന്ന വിധത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
സാഞ്ചിസ്തൂപത്തിന്റെ കവാടങ്ങളോട് സാമ്യം തോന്നാവുന്നതാണ് ഇവയുടെ രൂപം, എന്നാൽ ഇവ തമ്മിൽ വലിയ വ്യത്യാസമുണ്ട് താനും.
ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന കാകതീയതോരണങ്ങളുടെ ഒരു വിശേഷത അവയുടെ ഇരട്ടത്തൂണുകളാണ്. ഓരോ തൂണും മനോഹരമായ കൊത്തുപണികളാൽ അലംകൃതമാണ്. ഉൾവശത്ത് മുകളിൽ താഴേക്ക് തൂങ്ങിനിൽക്കുന്ന രീതിയിലുള്ള താമരമൊട്ടുകൾ. മുകളിൽ തോരണത്തിനിരുവശത്തും അരയന്നങ്ങൾ. തൂണുകളുടെ വശത്തുനിന്നും ഉത്തരത്തിലേക്ക് താങ്ങുപലകകളായി കൊത്തിയെടുത്തിരിക്കുന്ന ശിലാഖണ്ഡത്തിനു മുകളിലും താഴെയുമായി സിംഹങ്ങൾ. മുത്തുമാലകൾ മടക്കിയിട്ടതുപോലുള്ള സൂക്ഷ്മമായ ഡിസൈൻ പാറ്റേണുകൾ ഇതൊക്കെ കാകതീയ തോരണങ്ങളുടെ വിശേഷതകളാണ്.
ഒരു മഹാക്ഷേത്രത്തിന്റെ നാലുദിക്കുകളെയും അലങ്കരിച്ചിട്ടുകൂടിയും ഈ തോരണങ്ങളിൽ മതചിഹ്നങ്ങളായി എടുത്തുകാട്ടാവുന്നതൊന്നും കാണാൻ സാധിക്കില്ല. അതുകൊണ്ടാണ് പതിനാലാം നൂറ്റാണ്ടിൽ ദൽഹിസുൽത്താനേറ്റ് കാകതീയരെ നിശ്ശേഷം പരാജയപ്പെടുത്തിയതിനെ തുടർന്ന് വറംഗൽകോട്ട എമ്പാടും തകർത്തപ്പോൾ ഈ നാലു തോരണങ്ങളും കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടതെന്ന് കരുതുന്നു.
ലൈറ്റ് ആൻഡ് സൗണ്ട് ഷോ
എല്ലാ ദിവസവും വൈകിട്ട് കാകതീയ സാമ്രാജ്യത്തിന്റെ ചരിത്രവും വറംഗൽകോട്ട, തൗസന്റ് പില്ലർ ടെംപിൾ, രാമപ്പക്ഷേത്രം, തടാകങ്ങൾ തുടങ്ങിയവയുടെ വസ്തുതകളും ഉൾപ്പെടുത്തി വറംഗൽ ഫോർട് മ്യൂസിയത്തിനുള്ളിൽത്തന്നെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നുണ്ട്. 40 മിനിറ്റുള്ള ഷോ ആദ്യം തെലുങ്കിലും പിന്നീട് ഇംഗ്ലിഷിലും അവതരിപ്പിക്കുന്നു.
തൗസന്റ് പില്ലർ ടെംപിൾ
കാകതീയസാമ്രാജ്യത്തിന്റെ ആദ്യ ആസ്ഥാനമായിരുന്ന ഹനംകൊണ്ടയിലാണ് തൗസന്റ് പില്ലർ ക്ഷേത്രം. 1162-63 കാലഘട്ടത്തിൽ രുദ്രദേവയാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ശിവൻ(രുദ്രേശ്വരൻ), വിഷ്ണു, സൂര്യൻ എന്നിവരെ ഇവിടെ ഒരൊറ്റ അധിഷ്ഠാനത്തിലുള്ള മൂന്നു ശ്രീകോവിലുകളിലായി ആരാധിക്കുന്നു. പ്രവേശനദ്വാരം കടന്നു ചെല്ലുന്നത് ഒരു രംഗമണ്ഡപത്തിലേക്കാണ്, അവിടെ കിഴക്കും പടിഞ്ഞാറും വടക്കും മൂന്നു ശ്രീകോവിലുകൾ. രംഗമണ്ഡപത്തിന്റെ തൂണും മച്ചുകളും ഗംഭീരമായി കൊത്തി എടുത്തവയാണ്. പടിഞ്ഞാറേ ശ്രീകോവിലിന്റെ പാർശ്വഭിത്തികളിലൊന്നിൽ ഹാരപ്പ കാലം മുതൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതായി കാണുന്ന ഒരു മോട്ടിഫ് കാണാം എന്നതു കൗതുകം തന്നെ.
തെക്കുവശത്ത് പടവുകൾ കയറുന്നതിനു പിന്നിലായി ഒറ്റക്കല്ലിൽ തീർത്ത ഒരു പടുകൂറ്റൻ നന്ദിയുടെ വിഗ്രഹം കാണാം. നന്ദിയുടെ പിന്നിലായിട്ടാണ് ആയിരം തൂണുകളുള്ള മണ്ഡപം. ഓരോ സ്തംഭവും അതിമനോഹരമായ കൊത്തുപണികൾ ഉൾക്കൊള്ളുന്നു. ഇപ്പോൾ ഇതിന്റെ പുനരുത്ഥാരണപ്രവർത്തനങ്ങൾ നടക്കുകയാണ്.
ലോകപൈതൃക പട്ടികയിൽ ഇടം പിടിക്കുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കാകതീയ സ്മാരകങ്ങളോരോന്നും. അതിനെക്കാൾ മഹത്തായ നേട്ടമാണ് അക്കാലത്തെ തടാകങ്ങളും ജലസേചന മാർഗങ്ങളും ഇന്നും സമൂഹത്തിന് ഉപയുക്തമാകുന്നു എന്നത്.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top