ഉഷ്ണതരംഗവും പ്രമേഹവും തമ്മിലുള്ള ബന്ധമെന്ത്? ഇത് പ്രമേഹരോഗികളെ ബാധിക്കുന്നതെങ്ങനെ? – Indian Express Malayalam




Indian Express Malayalam

കാലാവസ്ഥയിലെ വ്യതിയാനം കാരണം ഇന്ത്യയിൽ താപ തരംഗങ്ങൾ ഗുരുതരമാകുന്നു. രാജ്യത്തിന്റെ 90 ശതമാനത്തിലേറെയും അവയുടെ ആഘാതത്തിന്റെ “അപകട മേഖല”യിലാണെന്ന് ഒരു പുതിയ പഠനത്തിൽ പറയുന്നു. പിഎൽഒഎസ് കാലാവസ്ഥാ ജേണലിൽ പ്രസിദ്ധീകരിച്ച, കേംബ്രിഡ്ജ് സർവകലാശാലയിലെ രമിത് ദേബ്‌നാഥും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിൽ, കടുത്ത ഉഷ്ണതരംഗങ്ങളുടെ ആഘാതങ്ങൾക്ക് ഡൽഹി ഇരയാകുമെന്ന് വെളിപ്പെടുത്തുന്നു.
ഈർപ്പവും വായുവിന്റെ താപനിലയും ഒരുമിച്ച് ചേർക്കുമ്പോൾ ചുറ്റുമുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി മനുഷ്യശരീരത്തിന് എത്രമാത്രം ചൂട് അനുഭവപ്പെടുന്നുവെന്ന് അളക്കുന്ന “താപ സൂചിക” ഉൾപ്പെടുത്തിയ ആദ്യ പഠനമാണിതെന്ന് അവർ അവകാശപ്പെടുന്നതായി GatesCambridge.org റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, കൊടും ചൂട് ആളുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് നമുക്ക് മനസിലാക്കാൻ കഴിയും,”കേംബ്രിഡ്ജ് സർവകലാശാലയിലെ സീറോ ഫെല്ലോ രമിത് പറഞ്ഞു. ” ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാനത്തിലുള്ള അപകടസാധ്യത അളക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ഇത് ഞങ്ങളെ സഹായിച്ചു,” രമിത് പറഞ്ഞു.
ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് പഠനം പുറത്തുവന്നത്. കാലാവസ്ഥാ വകുപ്പ് ഉഷ്ണാഘാതത്തിനുള്ള സാധ്യതയെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. താപ തരംഗങ്ങൾ ആരോഗ്യത്തെയും പ്രമേഹം പോലെ വിട്ടുമാറാത്ത രോഗാവസ്ഥകളെയും എങ്ങനെ ബാധിക്കുന്നെന്നറിയാം.
ഉയർന്ന താപനില രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രമേഹരോഗികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. തുഷാർ തയാൽ പറഞ്ഞു. “ഉയർന്ന പാരിസ്ഥിതിക താപനില അമിതമായി വിയർക്കുന്നതിന് കാരണമാകുന്നു. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ നിർജലീകരണവും സംഭവിക്കാം. ഇത് രക്തം കോൺസൻട്രേറ്റ് ആകുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകുന്നു. ചൂടിനോടുള്ള എക്സ്പോഷർ തുടരുകയാണെങ്കിൽ, ശരീരം കോർട്ടിസോൾ, വാസോപ്രെസിൻ തുടങ്ങിയ സ്ട്രെസ് ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉത്പാദനം വർധിപ്പിക്കുകയും പഞ്ചസാരയുടെ അളവ് ഉയരുന്നതിനും കാരണമാകുന്നു,” ഡോ.തുഷാർ പറഞ്ഞു.
പ്രമേഹരോഗികൾക്ക് പ്രമേഹം ഇല്ലാത്തവരെക്കാൾ വേഗത്തിൽ നിർജലീകരണം സംഭവിക്കുമെന്നും ഹീറ്റ് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നും ഹെൽത്ത് പാൻട്രി സ്ഥാപകയും പോഷകാഹാര വിദഗ്ധയും പ്രമേഹ എഡ്യൂക്കേറ്ററുമായ ഖുശ്ബു ജെയിൻ ടിബ്രേവാല വിശദീകരിക്കുന്നു. “ വർഷങ്ങൾ കൊണ്ട് പ്രമേഹം രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുന്നു. അതിനാൽ ശരീരത്തിന്റെ സ്വാഭാവിക കൂളിങ് സംവിധാനങ്ങൾ തകരാറിലാകുന്നു. വൃക്ക തകരാറിനും സാധ്യതയുണ്ട്. അതിനാൽ, വേനൽക്കാലത്ത് പ്രമേഹരോഗികൾ അവരുടെ ശരീര താപനില നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.”
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മൂത്രമൊഴിക്കുന്നത് വർധിപ്പിക്കുകയും കൂടുതൽ നിർജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മെട്രോപോളിസ് ഹെൽത്ത്‌കെയർ ലിമിറ്റഡിന്റെ മെഡിക്കൽ അഫയേഴ്‌സ് ഡോ. ഷിബാനി രാംചന്ദ്രൻ പറഞ്ഞു. “ഉയർന്ന താപനില ശരീരത്തിന്റെ ഇൻസുലിൻ ഉപയോഗിക്കുന്ന രീതിയെയും ബാധിച്ചേക്കാം. പതിവായി നിരീക്ഷിച്ചില്ലെങ്കിൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകാം, ”ഡോ. ഷിബാനി പറഞ്ഞു.
“ഡോക്ടറോട് സംസാരിച്ച് ഇൻസുലിൻ ഡോസ് ക്രമീകരിക്കുക. രണ്ട് ദിവസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാൻ ശ്രമിക്കുക,” വോക്കാർഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ.അനികേത് മ്യൂൾ പറയുന്നു.
മരുന്നുകളും ഇൻസുലിനും ശരിയായി സൂക്ഷിച്ചില്ലെങ്കിൽ, ചൂട് കാരണം അവയ്ക്ക് കേടുപാട് സംഭവിക്കാം. ഇത് പഞ്ചസാരയുടെ അളവിനെ ബാധിക്കുമെന്ന് ഡോ തുഷാർ ചൂണ്ടിക്കാട്ടി. “ ഇൻസുലിൻ ക്ലൗഡിയായോ തവിട്ടുനിറമോ ആകുകയോ ചെയ്‌താൽ, അതിന് കേടുപാടുകൾ സംഭവിച്ചിരിക്കാം ഉപയോഗിക്കാൻ പാടില്ല. ഇൻസുലിൻ ചൂട് കാരണം കേടാകാതിരിക്കാൻ, റഫ്രിജറേറ്റർ അല്ലെങ്കിൽ തണുത്ത ബാഗ് പോലുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, ഇൻസുലിൻ ഫ്രീസ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഇൻസുലിൻ കേടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ആരോഗ്യ വിദഗ്ധനുമായി സംസാരിച്ച് ഉറപ്പ് വരുത്തേണ്ടതാണ്,” ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ സീനിയർ എൻഡോക്രൈനോളജിസ്റ്റ് ഡോ സന്ദീപ് റെഡ്ഡി പറഞ്ഞു .
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ ചില ടിപ്സുകൾ
*ദിവസവും കുറഞ്ഞത് 1.5-2 ലിറ്റർ വെള്ളമോ ദ്രാവകമോ കുടിക്കുക. “ഇത് നിങ്ങളെ നന്നായി ഹൈഡ്രേറ്റ് ചെയ്യുന്നു. വെള്ളരിക്ക, തണ്ണിമത്തൻ, സിട്രസ് പഴങ്ങൾ അല്ലെങ്കിൽ ഒരു മിക്സഡ് പച്ചിലകളുടെ ജ്യൂസ് പോലെയുള്ള വെള്ളമുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇതിലൂടെ വെള്ളം നന്നായി ആഗിരണം ചെയ്യപ്പെടുന്നു, ” ഖുശ്ബു പറഞ്ഞു.
വേനൽക്കാലത്ത് അനുയോജ്യമായ ചില ഭക്ഷണങ്ങളും ഡോ. തുഷാർ നിർദേശിക്കുന്നു
*കരിക്കിൻ വെള്ളം, മോര് , ശുദ്ധമായ നാരങ്ങാ വെള്ളം
*രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. മൂത്രത്തിന്റെ നിറവും ശ്രദ്ധിക്കണമെന്നും ഖുശ്ബു പറഞ്ഞു. “ഇത് ക്ലിയർ, ചെറുതായി മഞ്ഞയോ നിറത്തിലായിരിക്കണം.ഇരുണ്ട നിറമായാൽ വെള്ളത്തിന്റെ കുറവാണ് അത് സൂചിപ്പിക്കുന്നത്, ”തിബ്രേവാല പറഞ്ഞു.
*മദ്യം കഴിക്കുന്നത് കുറയ്ക്കുക, കാരണം ഇത് നിർജ്ജലീകരണം ഉണ്ടാക്കുകയും രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും ചെയ്യും.
*അധികം കപ്പ് ചായയും കാപ്പിയും ഒഴിവാക്കുക, കാരണം അവ ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് വർദ്ധിപ്പിക്കും.
*പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് കുറയ്ക്കുക.
*ദിവസത്തിൽ തണുപ്പുള്ളതും ഈർപ്പം കുറഞ്ഞതുമായ സമയങ്ങളിൽ വ്യായാമം ചെയ്യുക.
മറ്റെന്താണ് സഹായിക്കാൻ കഴിയുക?
*സൺസ്‌ക്രീനും വീടിന് പുറത്തിറങ്ങുമ്പോൾ തൊപ്പിയും തിരഞ്ഞെടുക്കുക.
*അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
മറ്റ് അസുഖങ്ങൾക്കുള്ള ചില മരുന്നുകളായ ഉദാഹരണത്തിന് രക്തസമ്മർദ്ദത്തിനുള്ള ഡൈയൂററ്റിക്സ് കൂടുതലായി മൂത്രമൊഴിക്കുന്നതിനും ജലനഷ്ടത്തിനും കാരണമാകാം. സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ ഈ കടുത്ത കാലാവസ്ഥയിൽ ഇത് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ.ഷിബാനി പറഞ്ഞു.
“ചൂട് തരംഗം, വരണ്ട കാലാവസ്ഥ എന്നിവ പലപ്പോഴും കുമിളകൾ, ചർമ്മത്തിന്റെ വരൾച്ച എന്നിവയ്ക്ക് കാരണമാകും, അതിനാൽ ഇവ ഒഴിവാക്കാൻ വേണ്ടത്ര ശ്രദ്ധിക്കേണ്ടതുണ്ട്,” ഡോ. ഷിബാനി പറഞ്ഞു.
Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.
Web Title: Is there a connection between heat wave and diabetes

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top