Signed in as
Signed in as
Email sent successfully
Try Again !
തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കുന്നതു പരിഗണിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടെങ്കിലും തിടുക്കപ്പെട്ടു സർക്കാർ തീരുമാനമെടുക്കില്ല. നിലവിലുള്ള രീതി ഈ വർഷവും തുടരും.
Read Also : എസ്എസ്എൽസി ഫലം ഇന്ന്
ഫലത്തിനൊപ്പം മാർക്ക് പ്രസിദ്ധീകരിക്കണമെന്നു കോഴിക്കോട്ടുനിന്നുള്ള വിദ്യാർഥി വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നിവേദനം വേഗം പരിഗണിച്ചു തീരുമാനമെടുക്കാൻ കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്.
ഉത്തരവ് ഫലപ്രഖ്യാപനത്തിനു തടസ്സമാകരുതെന്നും കോടതി നിർദേശിച്ചിരുന്നു. മാർക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുക എന്നത് സർക്കാർ എടുത്ത നയപരമായ തീരുമാനമാണ്. അതുകൊണ്ടു തന്നെ മാറ്റം വരുത്താനും കൂടിയാലോചന വേണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
ഈ വർഷം നൽകേണ്ട സർട്ടിഫിക്കറ്റിന്റെ അച്ചടി മുൻവർഷങ്ങളിലെ മാതൃകയിൽ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർഥിയുടെ വിവരങ്ങളും ഗ്രേഡും ചേർക്കുന്നത് പരീക്ഷാ ഭവനിലാണ്. ഗ്രേഡ് മാത്രം ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നിലവിലുള്ളത്. മാർക്ക് കൂടി ഉൾപ്പെടുത്താൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ട് ഏറെയാണെന്ന് വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മാർക്ക് ചേർത്താൽ നിലവിലുള്ള പ്ലസ് വൺ പ്രവേശന നടപടികളിലും അതിനനുസരിച്ച് മാറ്റം വരുത്തേണ്ടി വന്നേക്കും. അതും ഈ ഘട്ടത്തിൽ പ്രതിസന്ധിയാണ്. അതേസമയം മാർക്ക് ഉൾപ്പെടുത്തണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. മാർക്ക് ഉൾപ്പെടുത്താത്തതു മൂലം കുട്ടികളുടെ നിലവാരത്തിലെ അന്തരം കണക്കിലെടുക്കാതെ മെറിറ്റ് അട്ടിമറിക്കപ്പെടുകയാണെന്നു എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജ് ചൂണ്ടിക്കാട്ടി.
ഇക്കുറി ഗ്രേസ് മാർക്ക് ചേർത്തുള്ള ഫലം
തിരുവനന്തപുരം ∙ 2 വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ചേർത്താണ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനം. ഗ്രേസ് മാർക്കിലൂടെ നേടാവുന്ന പരമാവധി മാർക്ക് 90% ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. എപ്ലസ് നേടിയവർക്ക്, ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിലും കിട്ടില്ല.
Content Summary : Marks won’t be included along with Grade in SSLC Certificates this year- Education News