ഓട്ടമൊബീൽ എൻജിനീയറിങ്ങ്: വണ്ടികളുടെ ലോകത്തേക്കുള്ള താക്കോൽ – Manorama Online




Signed in as

Signed in as


Email sent successfully
Try Again !
പല വിദ്യാർഥികൾക്കും വണ്ടികളെന്നാൽ നല്ല ക്രേസാണ്. ആ ക്രേസ് വളർന്നുവളർന്ന് ചിലർ ഓട്ടമൊബീൽ എൻജിനീയറിങ് പഠനത്തിനായി എടുക്കാറുണ്ട്. എന്നാൽ പലരും വിചാരിക്കുന്നത് പോലെ വണ്ടികളുടെ മോഡലുകളെപ്പറ്റിയുള്ള വിവരങ്ങൾ മനസ്സിലാക്കുന്ന പോലെയുള്ള സിംപിളായ കാര്യമല്ല എൻജിനീയറിങ് പഠനം. ഓട്ടമൊബീൽ എൻജിനീയറിങ് മെക്കാനിക്കൽ എൻജിനീയറിങ്ങുമായി നല്ല സാമ്യമുള്ള ലക്ഷണമൊത്ത ഒരു എൻജിനീയറിങ് കോഴ്സാണ്.
മെക്കാനിക്സ്, തെർമോഡൈനമിക്സ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ തൊട്ട് വാഹനങ്ങളുടെ പ്രവർത്തനം, അതിന്റെ അടിസ്ഥാനങ്ങൾ, വിവിധ തരം എൻജിനുകൾ, ഇന്ധനങ്ങൾ എന്നിങ്ങനെ വളരെ ബൃഹത്തായ ഒരു പഠനമേഖലയാണ് ഓട്ടമൊബീൽ എൻജിനീയറിങ്. ചിലർ ബിടെക് മെക്കാനിക്കലിലോ മറ്റോ എടുത്തശേഷം ബിരുദാനന്തര പഠനമായും ഓട്ടമൊബീൽ എൻജിനീയറിങ് എടുക്കാറുണ്ട്.
ഓട്ടമൊബീൽ എൻജിനീയറിങ് തിരഞ്ഞെടുക്കുന്നവർക്ക് വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകളുണ്ട്. സർവീസ് സ്റ്റേഷനുകൾ മുതൽ പ്രൊഡക്‌ഷൻ പ്ലാന്റുകൾ, വാഹനങ്ങളുടെ ആർആൻഡ്‌ഡി വിഭാഗം മുതൽ ഇൻഷുറൻസ് കമ്പനികളിൽ വരെ അവസരമുണ്ട്. കോഴ്സിന്റെ ഭാഗമായി വിവിധ ഡിസൈൻ സോഫ്റ്റ്‌വെയറുകളും വിദ്യാർഥി പഠിക്കും. അനേക ദശാബ്ദങ്ങളുടെ പഴക്കമുള്ളതിനാൽ വളരെ വികസിപ്പിക്കപ്പെട്ട മേഖലയാണ് ഓട്ടമൊബീൽ രംഗം. അതിനാൽ തന്നെ നേരാംവണ്ണം പഠന, പരിശീലനം തേടുന്നവർക്ക് മികച്ച ജോലികളിലേക്ക് എത്താൻ സാധിക്കും. വിദേശത്തും ഏറെ അവസരങ്ങളുണ്ട്.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ എൻജിനീയറിങ് ബ്രാഞ്ചുകളിലുള്ളവരുടെ കോർ മേഖലയായിരുന്നു ഓട്ടമൊബീൽ മേഖല അടുത്തകാലം വരെ. എന്നാൽ  സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും മറ്റും കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാഴ്ചയും കാണാനുണ്ട്. ഇലക്ട്രിക്, കണക്ടഡ്, ഓട്ടണമസ് കാറുകളുടെ കാലമാണു വരാൻ പോകുന്നത് എന്നതുതന്നെ കാരണം. കോവിഡ് മാന്ദ്യം മൂലം  മാറ്റത്തിന്  കാലതാമസമുണ്ടായെങ്കിലും മുന്നോട്ടുള്ള പോക്ക് ആ ദിശയിലാണ്. 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ള എൻജിനീയർമാർക്കു കൂടുതൽ ജോലിസാധ്യത ഓട്ടമൊബീൽ മേഖലയിൽ പ്രവചിക്കുന്നുണ്ട്. ഈ അപ്സ്കില്ലിങ്ങിനു വാഹനമേഖലയിൽ പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും.
കോവിഡ് അനന്തര വിപണിയിൽ കസ്റ്റമർ ബേസ് ഉറപ്പിച്ചു നിർത്തുകയെന്നതാകും വാഹന നിർമാതാക്കൾക്കും ഡീലർമാർക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഡേറ്റ അധിഷ്ഠിതമായ ഡിജിറ്റൽ മാർക്കറ്റിങ്, വെർച്വൽ സ്റ്റോറുകൾ എന്നിവയൊക്കെ വരുംകാലത്തിന്റെ പ്രത്യേകതകളായിരിക്കും. ഇപ്പോൾ തന്നെ ഇതിനുള്ള ശ്രമങ്ങൾ പലരും തുടങ്ങിക്കഴിഞ്ഞു. അനലിസ്റ്റുകൾ, മാർക്കറ്റിങ് മാനേജർമാർ തുടങ്ങി നോൺ ടെക്നിക്കൽ രംഗത്തുള്ളവർക്കും ഡേറ്റ സയൻസിനുമൊക്കെ ഓട്ടമൊബീൽ രംഗത്തു വലിയ റോളുണ്ടാകും.
Content Summary : Career and Scope in Automobile Engineering 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top