Signed in as
Signed in as
Email sent successfully
Try Again !
ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും (1200/1200) നേടിയ വിദ്യാർഥികൾ
കെ.ഉണ്ണിമായ
കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർ സെക്കഡറി സ്കൂൾ സയൻസ് വിദ്യാർഥിനിയാണ് കെ.ഉണ്ണിമായ. ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കുകയും വീട്ടിലെത്തിയാൽ അവ വായിച്ച് ഒന്നു കൂടി ഉറപ്പിക്കുകയും ചെയ്തു. പരീക്ഷാകാലങ്ങളിൽ രാത്രി ഏറെ നേരവും രാവിലെയും പഠനത്തിനു പ്രാധാന്യം കൊടുത്തത് ഉയർന്ന വിജയം നേടാൻ സഹായിച്ചു. മികച്ച ഗായിക കൂടിയാണ് ഉണ്ണിമായ. ഡോക്ടർ ആകാനാണ് ആഗ്രഹം. പള്ളം ടിഐഎഎൽപി സ്കൂൾ പ്രധാനധ്യാപകൻ തെക്കെ മണക്കാട്ട് വി.വി.സുനിൽകുമാറിന്റെയും കെ.പ്രിയയുടെയും മകളാണ്.
പി.അഭിനന്ദ് ഉല്ലാസ്
നിർമലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്കൂളിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അഭിനന്ദ് ഉല്ലാസ്. പഴയ ചോദ്യപേപ്പറുകൾ നോക്കി വിശകലനം ചെയ്തു. കൂടുതൽ സമയം പഠനത്തിനായി നീക്കി വച്ചു. അധ്യാപകരും കൂട്ടുകാരും കുടുംബവും കൂടെ നിന്നതിനാൽ വിജയം എളുപ്പമായി. നിർമലഗിരി ചന്ത്രോത്ത് അർച്ചനയിൽ ഉല്ലാസ് കുമാർ – പി.സ്മിത ദമ്പതികളുടെ മകനാണ്. സഹോദരി: അതുല്യ ഉല്ലാസ്.
എം.കെ.പ്രണിത്ത്
തലശ്ശേരി ഗവ.ബ്രണ്ണൻ എച്ച്എസ്എസ് കംപ്യൂട്ടർ സയൻസ് വിദ്യാർഥി. പഠനത്തിൽ പറയത്തക്ക ചിട്ടവട്ടങ്ങളൊന്നുമില്ല. ടൈംടേബിൾ വച്ചുള്ള പഠനരീതിയുമില്ല. പരീക്ഷ അടുത്തു വരുമ്പോൾ കുറച്ചധികം സമയം പഠിക്കും. പഠിക്കാൻ തോന്നിയാൽ ഏറെ നേരം ഇരിക്കാനും തയാർ. പരേതനായ പ്രദീപിന്റെയും തോട്ടട ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ അധ്യാപിക അജിതയുടെയും മകൻ. സഹോദരൻ:പ്രജുൽ.
ടി.കെ.നന്ദന
മാതമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി. ചിട്ടയായ പഠനവും മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ ശേഖരിച്ചുള്ള പരിശീലനവും നടത്തി. പരമാവധി സമയം പഠിക്കുമ്പോൾ തന്നെ ആവശ്യത്തിനു വിശ്രമത്തിനുള്ള സമയവും കണ്ടെത്തി. സയൻസ് വിഷയമായതിനാൽ സ്കൂളിൽ നിന്നു പഠിപ്പിച്ച പാഠഭാഗങ്ങൾ അതതു ദിവസം പഠിക്കുകയും പിന്നീട് ഓരോ ദിവസവും സമയം കണ്ടെത്തി ആവർത്തിച്ചു പഠിക്കുകയും ചെയ്തു. വീട്ടുകാരും അധ്യാപകരും നൽകിയ പിന്തുണയും സഹായകരമായി. കൈതപ്രം കമ്പിപ്പാലത്തിനു സമീപത്തെ ടി.കെ.മധുസൂദനന്റെയും പി.ശ്രീജയുടെയും മകളാണ്. സഹോദരൻ: ജിഷ്ണു.
കെ.ആദിത്യ
പയ്യന്നൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി. സയൻസാണു വിഷയം. സ്കൂളിലെയും ട്യൂഷൻ ക്ലാസിലെയും ക്ലാസുകൾ കൃത്യമായി ശ്രദ്ധിക്കും. വായനയ്ക്കു കൃത്യ സമയമൊന്നുമില്ല. രാത്രി വൈകുവോളം പഠിക്കും. രാവിലെ വൈകി മാത്രമേ എഴുന്നേൽക്കാറുള്ളൂ. ഫുൾ ടൈം വായനയില്ല. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ മെക്കാനിക് ഏഴിലോട് പുറച്ചേരിയിലെ കെ.സത്യന്റെയും വീട്ടമ്മ കെ.മിനിയുടെയും മകളാണ്. സഹോദരി ആയില്യ.
രേവതി ആർ.വിനോദ്
പട്ടാന്നൂർ കെപിസിഎച്ച്എസ്എസ് വിദ്യാർഥിനി. ഹ്യുമാനിറ്റീസാണു വിഷയം. പരീക്ഷയോട് അടുത്ത 2 മാസം ദിവസം 10 മണിക്കൂർ വരെ പഠിച്ചു. എല്ലാ ദിവസവും മുഴുവൻ സമയം ഇരുന്നു പഠിക്കുന്ന ശീലമില്ല. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം എടുത്ത് സിവിൽ സർവീസാണു ലക്ഷ്യം. അച്ഛൻ വിനോദ് കുമാർ കണ്ണൂർ സ്പെഷൽ ഫോഴ്സിൽ ഇൻസ്പെക്ടറാണ്. അമ്മ കെ.രജിത പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപിക. സഹോദരൻ വിനായക്.
ഹെലൻ
കൂത്തുപറമ്പ് കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി. വിജയം മികവുറ്റതാവണമെന്ന ലക്ഷ്യമുണ്ടായിരുന്നതിനാൽ കൃത്യമായ സമയക്രമമൊരുക്കി പഠനം നടത്തി. കൊൽക്കത്തയിൽ ആർമി ഉദ്യോഗസ്ഥനായ പാതിരിയാട് കുറ്റിപ്പുറത്തെ ഹരിശ്രീയിൽ റനീഷിന്റെയും ശ്രീഷയുടെയും മകൾ.
അഥീന കെ.വിജയ്
പയ്യന്നൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി. ഹ്യുമാനിറ്റീസാണു വിഷയം. പരന്ന വായനയാണു വിജയ രഹസ്യം. പാഠപുസ്തകങ്ങൾക്കു പുറമേയുള്ളവയും വായിച്ചു. പരീക്ഷ അടുത്തപ്പോൾ പാഠപുസ്തകങ്ങളിൽ കേന്ദ്രീകരിച്ചു പഠിച്ചു. രാത്രി വൈകുവോളം വായിക്കും. കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളജ് ഹിസ്റ്ററി വിഭാഗം തലവൻ കൊടക്കാട്ടെ ഡോ.കെ.വിജയന്റെയും നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക പി.പ്രസീതയുടെയും മകൾ. സഹോദരൻ: തേജസ്വിൻ കെ.വിജയ്.
എം.വിസ്മയ
ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി. സയൻസാണു വിഷയം. ക്ലാസ്സിൽ ഒരോ ദിവസവും പഠിപ്പിക്കുന്നത് അന്നു തന്നെ പഠിക്കും. രാത്രി 8 മുതൽ 12 വരെയാണു പഠന സമയം. പുലർച്ചെ എഴുന്നേറ്റ് പഠിക്കാറില്ല. അവധി ദിവസങ്ങളിൽ ട്യൂഷനു പോയിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. എൻട്രൻസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിസ്മയയ്ക്ക് എൻജിനീയറാകാനാണ് ആഗ്രഹം. കണ്ണൂർ കൃഷ്ണ ജ്വൽസ് ജീവനക്കാരൻ പെരുവളത്ത്പറമ്പിലെ എം.വിനയന്റെയും സി.പി.സുഷമയുടെയും മകളാണ്.