കുടുംബവുമൊത്ത് പോകാൻ ഇതാ കീശയിലൊതുങ്ങും യാത്രകൾ… | Madhyamam – Madhyamam




1. ഡൽഹി

ചരിത്രവും രാഷ്ട്രീയവുമെല്ലാം കെട്ടുപിണഞ്ഞുനിൽക്കുന്ന രാജ്യതലസ്ഥാനം. മുഗൾ സാമാജ്ര്യത്തിന്‍റെ ശേഷിപ്പുകൾ ഇന്നും തനിമയോടെ നിലകൊള്ളുന്നു. അതോടൊപ്പം രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രങ്ങളും ഇവിടെ തലയുയർത്തി നിൽപ്പുണ്ട്.
എങ്ങനെ പോകാം:

കേരളത്തിൽനിന്ന് ദിവസവും നിരവധി ട്രെയിനുകളാണ് ഡൽഹിയിലേക്കുള്ളത്. എറണാകുളത്തുനിന്ന് 40 മുതൽ 47 മണിക്കൂറാണ് യാത്രാസമയം. ഏകദേശം 1000 രൂപയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. 2500 രൂപ വരും തേർഡ് എ.സി നിരക്ക്. 5000 രൂപ മുതൽ വിമാന ടിക്കറ്റും ലഭ്യമാണ്.
പ്രധാന കാഴ്ചകൾ:
ഇന്ത്യ ഗേറ്റ്

ഖുതുബ് മിനാർ
ചെങ്കോട്ട
ജമാമസ്ജിദ്
രാഷ്ട്രപതി ഭവൻ
രാജ് ഘട്ട്
ചാന്ദ്നി ചൗക്
ഹുമയൂണിന്‍റെ ശവകുടീരം
2. ആഗ്ര

ലോകാത്ഭുതമായ താജ്മഹലിന്‍റെ നാട്. ഉത്തർ പ്രദേശിലെ യമുന നദിയുടെ തീരത്ത് വെണ്ണക്കല്ലിൽ തീർത്ത ഈ പ്രണയസ്മാരകം മാത്രം മതി ആഗ്ര സന്ദർശിക്കാൻ. വിവിധ വാസ്തുവിദ്യകൾ സമന്വയിക്കുന്ന ധാരാളം ചരിത്ര നിർമിതികളും ഇവിടെയുണ്ട്.
എങ്ങനെ പോകാം:
കേരളത്തിൽനിന്ന് ഡൽഹിയിലേക്കുള്ള പല ട്രെയിനുകൾക്കും ആഗ്രയിൽ സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്ന് 41 മുതൽ 45 മണിക്കൂർ വരെ സമയം വേണം. 900 രൂപക്ക് അടുത്താണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. തേർഡ് എ.സിക്ക് ഏകദേശം 2300 രൂപ വരും.
വിമാനത്തിലാണെങ്കിൽ ഡൽഹിയിലേക്ക് പോകുന്നതാണ് ഉചിതം. അവിടെനിന്ന് 240 കിലോമീറ്റർ ദൂരമുണ്ട്. ധാരാളം ബസുകൾ ഡൽഹി – ആഗ്ര റൂട്ടിൽ സർവിസ് നടത്തുന്നു. നോൺ എ.സിക്ക് 300ഉം എ.സിക്ക് 500ഉം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടിൽ നിരവധി ട്രെയിനുകളും ലഭ്യമാണ്. 100 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.
പ്രധാന കാഴ്ചകൾ:

താജ്മഹൽ
ആഗ്ര ഫോർട്ട്
ഫത്തേഹ്പുർ സിക്രി
അക്ബറിന്‍റെ ശവകുടീരം
ഇതിമാദ് ഉദ് ദൗളയുടെ ശവകുടീരം
3. ജയ്പുർ

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടാണ് രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പുർ. ആരെയും അംബരിപ്പിക്കുന്ന നിർമിതികൾ പിങ്ക് സിറ്റിയെ വ്യത്യസ്തമാക്കുന്നു.

എങ്ങനെ പോകാം:

എല്ലാ ഞായറാഴ്ചയും എറണാകുളത്തുനിന്ന് ജയ്പുരിലേക്ക് ട്രെയിനുണ്ട്. യാത്രാസമയം 40 മണിക്കൂർ. സ്ലീപ്പറിന് 920ഉം തേർഡ് എ.സിക്ക് 2380 രൂപയുമാണ് നിരക്ക്. സീസണല്ലാത്ത സമയങ്ങളിൽ 6000 രൂപ മുതൽ വിമാന ടിക്കറ്റും ലഭ്യമാണ്.
വിമാന ടിക്കറ്റ് നിരക്ക് കൂടുതലുള്ളപ്പോൾ ഡൽഹി വഴി പോകുന്നതാണ് ലാഭം. അവിടെനിന്ന് ഏകദേശം 300 കിലോ മീറ്റർ ദൂരമുണ്ട്. ഡൽഹി – ജയ്പുർ റൂട്ടിൽ 300 രൂപ മുതൽ ബസ് സർവിസ് ലഭ്യമാണ്. അതുപോലെ നിരവധി ട്രെയിനുകളും ലഭിക്കും. 240 രൂപയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. തേർഡ് എ.സിക്ക് 610 രൂപ.

പ്രധാന കാഴ്ചകൾ:

ആംബർ കോട്ട

നഹർഗഡ് കോട്ട
ഹവ മഹൽ
ജൽ മഹൽ
ജയ്ഗർ കോട്ട
ജന്തർ മന്തർ
സിറ്റി പാലസ്
4. കശ്മീർ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷൻ. മഞ്ഞുപുതച്ച പർവതങ്ങളും പച്ചപ്പുൽ വിരിച്ച താഴ്വാരങ്ങളുമെല്ലാം നിറഞ്ഞ നാട്. അശാന്തിക്ക് നടുവിലും അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കുന്ന ജനം. എണ്ണിയാലൊതുങ്ങാത്ത വിശേഷങ്ങളും കാഴ്ചകളുമുള്ള ഭൂമിയിലെ സ്വർഗം.
എങ്ങനെ പോകാം:
കേരളത്തിൽനിന്ന് എല്ലാ വെള്ളിയാഴ്ചകളിലും ജമ്മുവിലേക്ക് ട്രെയിൻ സർവിസുണ്ട്. 60 മണിക്കൂറാണ് യാത്രാസമയം. സ്ലീപ്പറിന് 1020ഉം തേർഡ് എ.സിക്ക് 2635 രൂപയുമാണ് നിരക്ക്. ഇവിടെനിന്ന് ശ്രീനഗറിലേക്ക് ഏകദേശം 256 കിലോമീറ്റർ ദൂരമുണ്ട്.
600 രൂപ മുതൽ ബസ് സർവിസുകൾ ലഭ്യമാണ്. അതുപോലെ ഷെയർ ടാക്സികളും സർവിസ് നടത്തുന്നുണ്ട്. 800 രൂപ മുതലാണ് നിരക്ക്. ഏകദേശം 10,000 രൂപ മുതലാണ് കേരളത്തിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്.

പ്രധാന സ്ഥലങ്ങൾ:

ശ്രീനഗർ

ഗുൽമർഗ്
പഹൽഗാം
സോനാമർഗ്
5. മണാലി

സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് മണാലി. ഹിമാചൽ പ്രദേശിലെ മനോഹരമായ ഹിൽസ്റ്റേഷൻ. ബിയാസ് നദിയും മഞ്ഞുമൂടിയ മലനിരകളെല്ലാം നയനമനോഹരമായ കാഴ്ചയൊരുക്കുന്നു.
എങ്ങനെ പോകാം:
എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും കേരളത്തിൽനിന്ന് ഛണ്ഡീഗഢ് വരെ ട്രെയിനുണ്ട്. എറണാകുളത്തുനിന്ന് ഏകദേശം 45 മണിക്കൂർ സമയമെടുക്കും. സ്ലീപ്പറിന് 1010ഉം തേർഡ് എ.സിക്ക് 2595ഉം രൂപയാണ് നിരക്ക്. ഇവിടെനിന്ന് 300 കിലോമീറ്റർ ദൂരമുണ്ട് മണാലിയിലേക്ക്. 500 രൂപ മുതൽ ബസുകൾ ലഭ്യമാണ്.
ഹിമാചൽ സർക്കാറിന്‍റെ നിരവധി ബസുകൾ ഈ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. കേരളത്തിൽനിന്ന് ഛണ്ഡീഗഢിലേക്ക് 7000 രൂപ മുതൽ വിമാന ടിക്കറ്റ് ലഭിക്കും. ഡൽഹിയിൽനിന്നും ധാരാളം ബസ് സർവിസുകൾ മണാലിയിലേക്കുണ്ട്. 550 കിലോമീറ്റർ ദൂരം വരുന്ന യാത്രക്ക് 650 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

പ്രധാന കാഴ്ചകൾ:

സൊളാങ് താഴ്വര
ഹിഡിംബ ക്ഷേത്രം
റോഹ്താങ് പാസ്
മാൾ റോഡ്
അടൽ ടണൽ
ഓൾഡ് മണാലി
6. കൊൽക്കത്ത

ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമാണ് പശ്ചിമ ബംഗാളിന്‍റെ തലസ്ഥാന നഗരി. ഹുഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലാണ് രബീന്ദ്രനാഥ് ടാഗോർ പോലുള്ള പ്രശസ്തർ ജനിച്ചത്. തികച്ചും വ്യത്യസ്തമായ സംസ്കാരവും കാഴ്ചകളും ഭക്ഷണവൈവിധ്യവുമെല്ലാം ഇവിടെ കാണാനാകും.
എങ്ങനെ പോകാം:
എല്ലാ ഞായറാഴ്ചകളിലും കേരളത്തിൽനിന്ന് കൊൽക്കത്തയിലെ ഷാലിമാർ വരെ ട്രെയിനുണ്ട്. 39 മണിക്കൂറാണ് യാത്രാസമയം. സ്ലീപ്പറിന് 760ഉം തേർഡ് എ.സിക്ക് 1975 രൂപയുമാണ് നിരക്ക്. കൊച്ചിയിൽനിന്ന് 6000 രൂപ മുതൽ വിമാന ടിക്കറ്റും ലഭ്യമാണ്.
പ്രധാന കാഴ്ചകൾ:
വിക്ടോറിയ മെമോറിയൽ

ഹൗറ ബ്രിഡ്ജ്
മദർ തെരേസ ഹൗസ്
ഫോർട്ട് വില്യം
ഇന്ത്യൻ മ്യൂസിയം
ജോരാസങ്കോ താക്കൂർ ബാരി
ദക്ഷിണേശ്വർ കാളി ക്ഷേത്രം
7. ഗോവ

ഇന്ത്യയിലെ പ്രധാന ബീച്ച് ഡെസ്റ്റിനേഷൻ. നീലയും പച്ചയും നിറത്തിൽ വിസ്മയം തീർക്കുന്ന നിരവധി കടൽത്തീരങ്ങളാണ് ഗോവയിലുള്ളത്. ഇവിടത്തെ വാട്ടർ സ്പോർട്സ് വിനോദങ്ങളും ക്രൂയിസ് റൈഡുകളുമെല്ലാം ഏറെ പ്രശസ്തമാണ്.
എങ്ങനെ പോകാം:
കേരളത്തിൽനിന്ന് ദിവസവും നിരവധി ട്രെയിനുകൾ ഗോവയിലെ മഡ്ഗാവ് വഴി കടന്നുപോകുന്നുണ്ട്. എറണാകുളത്തുനിന്ന് 11 മുതൽ 14 മണിക്കൂർ വരെയാണ് യാത്രാസമയം. സ്ലീപ്പറിന് 400ഉം തേർഡ് എ.സിക്ക് 1100ഉം രൂപയാണ് ഏകദേശ നിരക്ക്. കൊച്ചിയിൽനിന്ന് ഡബോളിം എയർപോർട്ടിലേക്ക് ഏകദേശം 3000 രൂപ മുതൽ നേരിട്ട് വിമാന സർവിസുണ്ട്. 1700 രൂപ നിരക്കിൽ എറണാകുളത്തുനിന്ന് ദിനേന ഗോവയിലേക്ക് വോൾവോ ബസ് സർവിസും ലഭ്യമാണ്.
പ്രധാന സ്ഥലങ്ങൾ:
കലാൻഗുട്ടെ ബീച്ച്

ഫോർട്ട് അഗ്വാഡ
അഞ്ജുന ബീച്ച്
ബാഗ ബീച്ച്
മണ്ഡോവി റിവർ ക്രൂയിസ്
ബോം ജീസസ് ബസിലിക്ക
8. ഹൈദരാബാദ്

ഒരുകാലത്ത് നൈസാമുമാരുടെ അധീനതയിലായിരുന്ന ഹൈദരാബാദ് ഇന്ന് ഐ.ടിയുടെയും പുതു സാങ്കേതിക വിദ്യകളുടെയും ഈറ്റില്ലമാണ്. കൊട്ടാരങ്ങളും കോട്ടയുമെല്ലാം ചരിത്രത്തിലേക്ക് വഴി നടത്തും. ഒപ്പം രാമോജി ഫിലിം സിറ്റിയെന്ന മായികലോകം ആരെയും മോഹിപ്പിക്കും.
എങ്ങനെ പോകാം:
കേരളത്തിൽനിന്ന് രണ്ട് ട്രെയിനുകളാണ് ഹൈദരാബദിലേക്കുള്ളത്. ശബരി എക്സ്പ്രസ് ദിനേന സെക്കന്തരാബാദിലേക്ക് സർവിസ് നടത്തുന്നു. വ്യാഴം, ഞായർ ദിവസങ്ങളിൽ മംഗാലപുരം – കച്ചേഗുഡ എക്സ്പ്രസുമുണ്ട്. ഷൊർണൂരിൽനിന്ന് 22.20 മണിക്കൂറാണ് യാത്രാസമയം. സ്ലീപ്പറിന് 550ഉം തേർഡ് എ.സിക്ക് 1475 രൂപയുമാണ് നിരക്ക്. കൊച്ചിയിൽനിന്ന് 3200 രൂപ മുതൽ വിമാനവും ലഭ്യമാണ്.
പ്രധാന കാഴ്ചകൾ:
ചാർമിനാർ
ഗോൽകോണ്ട ഫോർട്ട്
രാമോജി ഫിലിം സിറ്റി
സാലാർ ജംഗ് മ്യൂസിയം
ചൗമഹല്ല പാലസ്
ഹുസൈൻ സാഗർ തടാകം
9. കൊടൈക്കനാൽ

വേനൽ ചൂടിനെ തടുത്തുനിർത്തി പശ്ചിമഘട്ടം തീർക്കുന്ന കുളിരാണ് കൊടൈക്കനാൽ. തമിഴ്നാട്ടിലെ ജനപ്രിയ ഡെസ്റ്റിനേഷനുകളിലൊന്ന്. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരിയെന്നാണ് വിശേഷണം.
എങ്ങനെ പോകാം:
എറണാകുളത്തുനിന്ന് തേനി വഴി 280 കിലോമീറ്റർ ദൂരമുണ്ട് കൊടൈക്കനാലിലേക്ക്. പൊള്ളാച്ചി വഴിയാണെങ്കിൽ 300 കിലോമീറ്റർ വരും. സ്വന്തമായി ഡ്രൈവ് ചെയ്ത് പോകാൻ പറ്റിയ മനോഹരമായ വഴികളാണ് രണ്ടും. എറണാകുളത്തുനിന്ന് തേനിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ലഭിക്കും. 295 രൂപയാണ് നിരക്ക്. അതുപോലെ പളനിയിലേക്കും ബസുണ്ട്. ഇവിടെനിന്നെല്ലാം കൊടൈക്കനാലിലേക്ക് കുറഞ്ഞ ചെലവിൽ തമിഴ്നാടിന്‍റെ ബസ് സർവിസുണ്ട്.
പ്രധാന കാഴ്ചകൾ:
ഡോൾഫിൻ നോസ്

കൊടൈക്കനാൽ തടാകം
പില്ലർ റോക്ക്സ്
കോക്കേഴ്സ് വാൾക്ക്
പൂമ്പാറ
തലൈയാർ ഫാൾസ്
ഗ്രീൻ വാലി വ്യൂ
10. മൈസൂർ

രാജ്യത്ത് തന്നെ ഏറ്റവും വൃത്തിയുള്ള സുന്ദരമായ നഗരം. കണ്ണഞ്ചിപ്പിക്കുന്ന നിരവധി കൊട്ടാരങ്ങൾ ഈ നാടിനെ സമ്പന്നമാക്കുന്നു. സമീപപ്രദേശമായ ശ്രീരംഗപട്ടണവും കാഴ്ചകളുടെ പെരുന്നാൾ തീർക്കും. ടിപ്പു സുൽത്താനെന്ന ധീര ദേശാഭിമാനിയുടെ ഓർമകൾ ഈ നാടിനെ വ്യത്യസ്തമാക്കുന്നു.
എങ്ങനെ പോകാം:
എറണാകുളത്തുനിന്ന് പെരിന്തൽമണ്ണ – നിലമ്പൂർ – ഗൂഡല്ലൂർ വഴി 330 കി.മീ. ദൂരമുണ്ട്. കോഴിക്കോട് – കൽപറ്റ – ഗുണ്ടൽപേട്ട വഴി 380 കിലോമീറ്ററാണ് ദൂരം. കാനന പാതകളിലൂടെയുള്ള യാത്ര ഏറെ രസകരമാണ്. ദിവസവും നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ മൈസൂരുവിലേക്ക് സർവിസ് നടത്തുന്നു. എറണാകുളത്തുനിന്ന് ഏകദേശം 500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൂടാതെ, ദിനേന ട്രെയിൻ സർവിസുമുണ്ട്. സ്ലീപ്പറിന് 410ഉം തേർഡ് എ.സിക്ക് 1110 രൂപയുമാണ് നിരക്ക്.
പ്രധാന കാഴ്ചകൾ:
മൈസൂർ പാലസ്
വൃദ്ധാവൻ ഗാർഡൻ
മൃഗശാല
ചാമുണ്ഡി ഹിൽസ്
ദരിയ ദൗലത് പാലസ്
ഗുംബസ്

ചെലവിന്‍റെ കാര്യത്തിൽ നോ ടെൻഷൻ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top