Signed in as
Signed in as
Email sent successfully
Try Again !
കൊടുങ്ങല്ലൂർ ∙ മകരസംക്രമ സന്ധ്യയിൽ 1001 കതിന വെടികൾ മുഴങ്ങിയതോടെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നാലുദിവസത്തെ താലപ്പൊലി ഉത്സവത്തിനു തുടക്കം. ശ്രീ കോവിലിലെ നെയ്ത്തിരിയിൽ നിന്നു മഠത്തിൽ മഠം രവീന്ദ്രനാഥൻ അടികൾ തെളിയിച്ച തീനാളംകൊണ്ട് എടമുക്ക് സംഘത്തിലെ പ്രധാനി കതിനാവെടികൾക്കു കൊളുത്തി. കുഡുംബി സമുദായക്കാരുടെ പരമ്പരാഗത ചടങ്ങുകളും മലയരയന്മാരുടെ വിശേഷാൽ പൂജകളും ക്ഷേത്രാങ്കണത്തിൽ തുടങ്ങി.
ഇന്നു ക്ഷേത്രാങ്കണത്തിൽ പഞ്ചനാഗങ്ങളെ സാക്ഷിയാക്കി അഞ്ചു തിരിയിട്ട നിലവിളക്ക് കൊളുത്തി തൂശനിലയിൽ അവിൽ, മലർ, പഴം, ശർക്കര, നാളികേരം എന്നിവ വച്ച് കൊടുങ്ങല്ലൂരമ്മയ്ക്ക് സമർപ്പിക്കുന്നതാണ് സവാസിനി പൂജ. മലയരയന്മാർ ദേവിക്ക് കാഴ്ച ദ്രവ്യങ്ങളും സമർപ്പിക്കും. നെല്ല് , കുരുമുളക്, ഏലക്കായ, മഞ്ഞൾ എന്നിവയാണ് കാണിക്കയർപ്പിക്കുന്നത്. കുരുംബ അമ്മയുടെ നടയിൽ നിന്നു ഇന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴക്കുലകളും ആടിനെയും നടതള്ളും. ക്ഷേത്രാങ്കണത്തിൽ കുഡുംബി സമുദായത്തിലെ സ്ത്രീകൾ സവാസിനി പൂജ നടത്തും.
ഒന്നു കുറെ ആയിരം യോഗത്തിന്റെ കൂട്ടമിരിക്കലും ഇന്നു നടത്തും.ചാത്തിരി നമ്പൂതിരിമാർ മകര സംക്രമദിനത്തിലും സംഘക്കളി നടത്തി. ഇന്നു ഉച്ചയ്ക്ക് ഒന്നിനും രാത്രി ഒന്നിനും കുരുംബ അമ്മയുടെ നടയിൽ നിന്നു പകൽ എഴുന്നള്ളിപ്പ് തുടങ്ങും. താലപ്പൊലി ഉത്സവത്തിനായി വലിയതമ്പുരാൻ കെ. കുഞ്ഞുണ്ണി രാജ കൊടുങ്ങല്ലർ കോവിലകത്ത് എത്തി. തൃപ്പൂണിത്തറയിൽ മകന്റെ ഒപ്പമാണ് വലിയതമ്പുരാൻ താമസം. താലപ്പൊലി ചടങ്ങുകളിൽ വലിയതമ്പുരാനു സുപ്രധാന സ്ഥാനമാണുള്ളത്.
ഓരോ ചടങ്ങുകൾക്കും വലിയതമ്പുരാന്റെ അനുമതി ആവശ്യമാണ്. താലപ്പൊലി നടത്തിപ്പിനു വലിയ തമ്പുരാനിൽ നിന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികൾ അനുമതി വാങ്ങി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്താ, മാനേജർ കെ. വിനോദ് കുമാർ എന്നിവർ കോട്ട കോവിലകത്ത് എത്തി വലിയ തമ്പുരാനു കാഴ്ചക്കുല സമർപ്പിച്ചു.