Signed in as
Signed in as
Email sent successfully
Try Again !
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കൽപിത സർവകലാശാലാ പദവി (ഡീംഡ് യൂണിവേഴ്സിറ്റി) നൽകാനുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കി യുജിസി കരടു മാർഗരേഖ പ്രസിദ്ധീകരിച്ചു. കൂടുതൽ സ്ഥാപനങ്ങൾക്കു പദവി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു നിബന്ധനകൾ ലഘൂകരിച്ചത്. ഇതനുസരിച്ച് കൽപിത സർവകലാശാല (Deemed Universities) പദവി ലഭിക്കാൻ മൾട്ടി ഡിസിപ്ലിനറിയായുള്ള 5 വകുപ്പുകളെങ്കിലുമുണ്ടാകണം. ഒരു പ്രദേശത്തെ 5 സ്ഥാപനങ്ങൾക്കു ചേർന്നു ക്ലസ്റ്ററായും അപേക്ഷിക്കാം.
പ്രത്യേകം നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്കു യുജിസിയുടെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. സംസ്ഥാന സർക്കാരിന്റെയും നിലവിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സർവകലാശാലയുടെയും എതിർപ്പില്ലാ രേഖ ഇതിനൊപ്പം സമർപ്പിക്കണം. യുജിസി വിദഗ്ധ സമിതി അപേക്ഷകൾ പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുക്കുക.
കരടു മാർഗരേഖയിൽ 18 വരെ അഭിപ്രായം അറിയിക്കാം. അതിനു ശേഷമാകും മാനദണ്ഡങ്ങൾ അന്തിമമായി വിജ്ഞാപനം ചെയ്യുക.
മാർഗരേഖയിലെ നിർദേശങ്ങൾ:
∙നാക്കിന്റെ അക്രഡിറ്റേഷൻ പരിശോധനയിൽ തുടർച്ചയായി 3 വട്ടം 3.01 സിജിപിഎയിൽ കുറയാത്ത സ്കോറുള്ള സ്ഥാപനങ്ങൾക്കും അപേക്ഷിക്കാൻ അർഹത.
∙ സാങ്കേതിക സ്ഥാപനങ്ങളാണെങ്കിൽ മൂന്നിൽ രണ്ടു പ്രോഗ്രാമുകൾക്കു നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചിരിക്കണം.
∙ ആർട്ട്, സയൻസ്, എൻജിനീയറിങ് തുടങ്ങി ഏതെങ്കിലും വിഭാഗത്തിൽ തുടർച്ചയായി 3 വർഷം എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. അല്ലെങ്കിൽ എൻഐആർഎഫ് പൊതു റാങ്കിങ്ങിൽ തുടർച്ചയായി 3 വർഷം ആദ്യ 100 ൽ എത്തിയിരിക്കണം.
∙ അധ്യാപക വിദ്യാർഥി അനുപാതം 1:20 ആയിരിക്കണം. കുറഞ്ഞത് 100 അധ്യാപകരെങ്കിലും സ്ഥാപനത്തിലുണ്ടാകണം.
∙ വിദ്യാർഥികളുടെ എണ്ണം 2000 എങ്കിലുമുണ്ടാകണം. ഇതിൽ മൂന്നിൽ ഒന്ന് പിജി, ഗവേഷണ വിദ്യാർഥികളാകണം.
∙ സർക്കാർ സ്ഥാപനമെങ്കിൽ സഞ്ചിത നിധിയായി 25 കോടി രൂപ സ്ഥാപനത്തിന്റെ പേരിൽ കരുതണം. പലിശ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
Content Summary : UGC announces draft norms for deemed universities