ടൂറിസം പദ്ധതിയിൽ കണയംങ്കോട്, പുരതഞ്ചേരി കെട്ട്, ബാലുശ്ശേരി കോട്ട, കാട്ടാംവള്ളി പ്രദേശങ്ങളെയും… – Madhyamam




കോഴിക്കോട്: ജില്ലയിലെ ടൂറിസം പദ്ധതിയിൽ കണയംങ്കോട്, പുരതഞ്ചേരി കെട്ട്, ബാലുശ്ശേരി കോട്ട, കാട്ടാംവള്ളി തുടങ്ങിയ പ്രദേശങ്ങളെയും കൂടി ഉൾപ്പെടുത്തി ഒരു വിശദമായ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ വിവിധ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
വയലട ഗ്രാമീണ ടൂറിസം പദ്ധതി, നമ്പിക്കുളം എക്കോ ടൂറിസം പദ്ധതി, ജലസേചന വകുപ്പുമായി ചേർന്ന് തോണികടവ്, കരിയാത്ത്പാറ ടൂറിസം പദ്ധതി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുമായി ചേർന്ന് കക്കയം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രകൃതിരമണീയമായ വലയട മലനിരകളിൽ ടൂറിസ്റ്റുകൾക്കായുള്ള അടിസ്ഥാന വികസന അടിസ്ഥാനവികസന പദ്ധതികള്‍ നടപ്പിലാക്കി.
നമ്പിക്കുളം പ്രദേശത്ത് കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളുടേയും കോഴിക്കോടിന്റെയും വിദൂര മനോഹരദൃശ്യങ്ങൾ വീക്ഷിക്കുന്നതിനായി വിസിറ്റേഴ്സ് ഗാലറിയുടെയും പാർക്കിംഗ് ഏരിയയുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും നിർമാണം തുടങ്ങി.
തോണിക്കടവ്, കരിയാത്ത്പാറ, കക്കയം ഡാം പരിസരം എന്നീ മനോഹര പ്രദേശങ്ങളെ കോർത്തിണക്കി ജലസേചന, ടൂറിസം, റവന്യൂ വകുപ്പുകളെ ഉൾപ്പെടുത്തി ഒരു ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ രൂപീകരിച്ച് മനോഹരമായ ഉദ്യാനം, വ്യൂയിംഗ് ഗാലറി, വാച്ച് ടവർ, ബോട്ട് സവാരി, കുതിര സവാരി തുടങ്ങിയ പ്രവർത്തനങ്ങളും തുടങ്ങി.
കൂരാചുണ്ട് ഗ്രാമപഞ്ചായത്തിൽ ടൂറിസ്റ്റുകൾക്കായി ഒരു ഫെസിലിറ്റേഷൻ സെന്റർ പണി കഴിപ്പിച്ചിട്ടുണ്ട്. ചില പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയായാല്‍ ഈ പദ്ധതിയും ടൂറിസ്റ്റുകൾക്കായി തുറന്നു നൽകും. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളായ കണയംങ്കോട്, പുരതഞ്ചേരി കെട്ട്, ബാലുശ്ശേരി കോട്ട, കാട്ടാംവള്ളി തുടങ്ങിയ പ്രദേശങ്ങളെയും കൂടി ഉൾപ്പെടുത്തി ഒരു വിശദമായ രൂപരേഖ തയാറാക്കണം.
ഇവിടെ വരുന്ന സന്ദർശകരുടെ താമസസൗകര്യങ്ങൾക്കായി ഹോം സ്റ്റേ,സർവീസ്ഡ് വില്ല എന്നീ സംരംഭങ്ങൾ പ്രദേശിക ജനങ്ങളുടെ സഹകരണത്തോടെ ഒരുക്കേണ്ടതുണ്ട്. കൂടാതെ ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയുമായി സഹകരിച്ച് സംരംഭകർക്ക് സംരഭകത്വ വികസനത്തിന് സെമിനാറുകളും ശില്പശാലകളും നടത്തുവാനും ഉദേശിക്കുന്നുവെന്ന് നിയമസഭയിൽ സച്ചിന്‍ ദേവിന് മറുപടി നൽകി.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top