ട്രോളാനില്ലെന്ന് ട്രോളി അബ്ദുറബ്; പിള്ളേര് പൊളിയല്ലേയെന്ന് ശിവന്‍കുട്ടി – Indian Express Malayalam
Indian Express Malayalam

എസ് എസ് എല്‍ സി ഫെലപ്രഖ്യാപനത്തിനു പിന്നാലെ പരോക്ഷ ട്രോളുമായെത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിനു മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉയര്‍ന്ന വിജയശതമാനം സൂചിപ്പിച്ച് ‘ട്രോളാനൊന്നും ഞാനില്ല,’ എന്നായിരുന്നു
അബ്ദുറബിന്റെ കുറിപ്പ്.
”എസ് എസ് എല്‍ സി വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്…എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ട്രോളാനൊന്നും ഞാനില്ല.എല്ലാവര്‍ക്കും സുഖമല്ലേ…!”അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതിനു മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടിയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ”കുട്ടികള്‍ പഠിച്ച് പാസാവട്ടെന്ന്, എന്തിനാ ട്രോളാന്‍ നില്‍ക്കുന്നെ,” എന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘പിള്ളേര് പൊളിയല്ലേ’ എന്ന ക്യാപ്ഷനോടെ അബ്ദുബ്ബിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു മന്ത്രിയുടെ പോസ്റ്റ്.
പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ എസ് എസ് എല്‍ സിയിലെ വലിയ വിജയശമാനത്തിനെതിരെ രൂക്ഷ വിമര്‍ശവും ട്രോളുകളും പ്രതിപക്ഷത്തുനിന്നുണ്ടായിരുന്നു. മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നായിരുന്നു അന്നത്തെ ആക്ഷേപം.
എന്നാല്‍ തൊട്ടുപിന്നാലെ വന്ന ആദ്യ പിണറായി സര്‍ക്കാരിന്റെയും ഇപ്പോഴത്തെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷവും വിജയശതമാനം കാര്യമായി കുറഞ്ഞില്ല. തന്നെ വിമര്‍ശിച്ചവരും അതേ പാതയിലാണെന്നു പ്രതിഫലിപ്പിക്കുന്നതാണ് അബ്ദുറബ്ബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റസ്. ചിരിച്ചുകൊണ്ടുള്ള തന്റെ ഫൊട്ടോ സഹിതമായിരുന്നു മുന്‍ മന്ത്രിയുടെ പോസ്റ്റ്.
എന്തായാലും മുന്‍ മന്ത്രിയുടെ ട്രോളും ഇപ്പോഴത്തെ മന്ത്രിയുടെ മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ‘ഇതില്‍പരം എന്ത് ട്രോളാനാണു സാഹിബേ എന്നാണു അബ്ദുറബ്ബിന്റെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. ‘മഴയത്ത് സ്‌കൂളിന്റെ വരാന്തയില്‍ കയറി നിന്ന ഗോപാലേട്ടനും സ്‌കൂള്‍ പറമ്പില്‍ പശുവിനെ തീറ്റിക്കാന്‍ പോയ ജാനകിയേച്ചിയും ജയിച്ചു എന്ന കമന്റ് വന്നോ ?’ എന്നാണു മറ്റൊരാള്‍ ചോദിച്ചത്.
Also Read: നീയാണ് ഭാഗ്യവാന്‍! പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്; വീഡിയോ
”എന്നുമുതലാണോ മാറി മാറി വരുന്ന ഇടത് വലത് ഭരണത്തിന്റെ എസ് എസ് എല്‍ സി, പ്ലസ് ടു റിസള്‍ട്ടുകള്‍ പൊലിപ്പിച്ചു തുടങ്ങിയത്, അന്നുമുതല്‍ വിജയശതമാനത്തിന്റെ ഗ്രാഫ് കുത്തനെ മേല്‍പ്പോട്ടാണ്. ഇതൊരു ജനതയുടെ വിദ്യാഭ്യാസനിലവാരമാണ് തകര്‍ക്കുന്നത്. ഇപ്പോഴത്തെ ശരാശരിയിലും താഴെ നില്‍ക്കുന്ന കുട്ടികളെക്കൊണ്ട് മലയാളം പോലും തെറ്റില്ലാതെ എഴുതാന്‍ സാധിക്കില്ല,” എന്നാണു വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റിനു താഴെ ഒരാള്‍ കുറിച്ചത്.
”സ്‌കൂള്‍ വരാന്തയില്‍ മഴ നനയാതെ കയറിനിന്ന പാത്തുമ്മാടെ ആടു മാത്രമല്ല, ഗോപാലേട്ടന്റെ പശുവും വരെ ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ ജയിച്ചു,” മറ്റൊരാള്‍ എഴുതി.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.
Web Title: Kerala sslc exam result 2022 education minister v sivankuttys reaction on pk abdu rabbs fb post

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top