തിരുവനന്തപുരം: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ പുതുതായി ആരംഭിച്ച ഡെയറി സയന്‍സ് കോളജുകളില്‍ 69 അധ്യാപക തസ്തികകളും 20 അനധ്യാപക തസ്തികകളും സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കെ. ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആർട്സില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ തസ്തിക താല്‍ക്കാലികമായി സൃഷ്ടിക്കും. അണ്ടര്‍ സെക്രട്ടറിയുടെ റാങ്കിൽ ഉദ്യോഗസ്ഥനെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.
● തിരുവനന്തപുരത്ത് യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് എട്ടു കോടി രൂപക്ക് ഭരണാനുമതി നല്കി
● കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്റെ യൂനിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റൈൽസിനും പ്രഭുറാം മില്ലിനും വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ (ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും കടമെടുത്ത 1.80 കോടി രൂപയുടെ പ്രവർത്തനമൂലധന വായ്പയുടെ സർക്കാർ ഗ്യാരന്റി കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി 01.01.2023 മുതൽ രണ്ടു വർഷത്തേക്ക് കൂടി നീട്ടും.
● വനം വന്യജീവി വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാച്ചറായി ജോലി നോക്കവെ, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബി. ബൊമ്മന്റെ മകനായ ബി. ജയരാജന് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (സ്പെഷല്‍ റിക്രൂട്ട്മെന്റ്) തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.
● കൃഷി വകുപ്പിന്റെ അധീനതയിൽ പൊതുമേഖല സ്ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിൽ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലെ സ്ഥിരം ജീവനക്കാർക്ക് ഒമ്പതും പത്തും ശമ്പള പരിഷ്കരണം അനുവദിക്കും.