തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്നവരുടെ ഗ്രേസ് മാർക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ വിദ്യാഭ്യാസ വകുപ്പ്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികളുടെ അക്കാദമിക്ക് രംഗത്തെ പാഠ്യേതര പ്രവർത്തനങ്ങള്‍ നടന്നിട്ടില്ല. ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇതെല്ലാം നടന്നിരുന്നു.
പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കെ ഇക്കാര്യത്തിൽ തീരുമാനമാകാത്തതിനാല്‍ ഗ്രേസ് മാർക്ക് ഉൾപ്പെടുത്താതെയാണ് പരീക്ഷാഫലം തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രേസ് മാർക്ക് നൽകുന്നത് കല, കായിക,ശാസ്ത്രമേള, ഗണിതമേള ജേതാക്കൾക്കും എൻസിസി, എസ് പി സി, സ്കൗട്ട്, റെഡ് ക്രോസ് എന്നിവയിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ്. കോവിഡ് കാലത്ത് എസ് പി സി പോലുള്ള പ്രവർത്തനങ്ങൾ ചെറിയ തോതിലെങ്കിലും കഴിഞ്ഞ വർഷം നടന്നിരുന്നുവെങ്കിലും കലാ കായിക പരിപാടകളും ശാസ്ത്രമേളയും നടന്നിരുന്നില്ല.
ഗ്രേസ് മാർക്ക് പരീക്ഷാ ഫലത്തിനൊപ്പം കൂട്ടുകയില്ലെന്നും അത് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുമ്പോൾ അതിനൊപ്പം ചേര്‍ക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ടാബുലേഷൻ പൂർത്തിയായെങ്കിലും പരീക്ഷാ ബോർഡ് യോഗം ചേരുമ്പോഴായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ലോക്ക്ഡൗണിന് മുന്‍പ് നടന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതിയിട്ടുള്ള കുട്ടികൾക്ക് ഗ്രേസ് മാർക്ക്/ ബോണസ് മാർക്ക് നൽകണോ രണ്ടും ഒഴിവാക്കി പത്താം ക്ലാസിലെ പരീക്ഷാ മാർക്ക് മാത്രമായി നൽകിയാൽ മതിയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക പരീക്ഷാബോർഡ് യോഗത്തിലായിരിക്കും. തിങ്കളാഴ്ച യോഗം ചേരുമെന്നാണ് വിവരം.
ഗ്രേസ് മാർക്ക് സംബന്ധിച്ച തീരുമാനം അന്തിമമാകാത്തത് ഫലപ്രഖ്യാപനത്തിന് തടസമാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. പരീക്ഷയുടെ ഫലത്തിനൊപ്പം ഗ്രേസ് മാർക്കോ ബോണസ് മാർക്കോ ചേർക്കേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസത്തിനുള്ള അപേക്ഷ നൽകുന്നിനൊപ്പം ഓൺലൈനായി ഈ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുകയാണ് വേണ്ടതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Kerala SSLC result @ keralaresults. nic.in, How to check: എസ്എസ്എൽസി പരീക്ഷാ ഫലം എങ്ങനെ അറിയാം
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: Sslc result 2022 education departments decision yet to come on grace marks
