Signed in as
Signed in as
Email sent successfully
Try Again !
പന്ത്രണ്ടാം ക്ലാസ് വിജയത്തിനുശേഷം കേന്ദ്രസർവീസുകൾ ലക്ഷ്യം വയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. ബിരുദപഠനത്തി നൊപ്പം തന്നെ കേന്ദ്രജോലികൾക്കായുള്ള പരിശീലനം തുടരുന്നവരും ധാരാളം. തൊഴിൽസുരക്ഷിതത്വവും മികച്ച ശമ്പളവും – ഇതൊക്കെയാണ് കേന്ദ്ര സർക്കാർ ജോലികളെ ഉദ്യോഗാർഥികൾക്കിടയിൽ ഹോട്ട് ഫേവറിറ്റ് ആക്കുന്നത്.
ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ കേന്ദ്ര സർവീസിൽ കയറിപ്പറ്റാൻ സുവർണാവസരമാണ് ഇപ്പോഴുള്ളതെന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ എഴുതുന്ന കേന്ദ്ര സർവീസ് മത്സരപരീക്ഷകൾ ഏതൊക്കെയെന്ന് അറിയാം.
കേന്ദ്ര സർവീസുകളിലേക്കുള്ള മധ്യനിര റിക്രൂട്‌മെന്റുകളിൽ പലതും നടത്തുന്നത് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനാണ്. ഇവർ നടത്തുന്ന പരീക്ഷകളിൽ ഏറ്റവും ശ്രദ്ധേയം ബിരുദധാരികൾക്കായുള്ള കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയാണ്. ഉദ്യോഗാർഥികൾ ‘മിനി സിവിൽ സർവീസ്’ എന്നു വിളിക്കുന്നതിൽനിന്നു തന്നെ സിജിഎലിന്റെ പ്രാധാന്യം വ്യക്തം.
ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ, സെൻട്രൽ എക്‌സൈസ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസർ, അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫിസർ തുടങ്ങി ഒരുപിടി തിളക്കമാർന്ന തസ്തികകളിലേക്ക് സിജിഎൽ വഴിതുറക്കും. മൂന്നു ഘട്ടമായാണു പരീക്ഷ. തസ്തികകളുടെ ആവശ്യമനുസരിച്ച് നാലാം ഘട്ടമായി കംപ്യൂട്ടർ പരിജ്ഞാന പരീക്ഷയുമുണ്ടാകാം.
എൻജിനീയറിങ് ബിരുദധാരികൾക്കായി എസ്എസ്‌സി എല്ലാവർഷവും നടത്തുന്ന ജൂനിയർ എൻജിനീയർ പരീക്ഷയുമുണ്ട്. പ്രധാനമായും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ എന്നീ അടിസ്ഥാന ബ്രാഞ്ചുകളിലുള്ളവരെ ഉന്നമിട്ടുള്ള പരീക്ഷയാണിത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, മിലിറ്ററി എൻജിനീയറിങ് സർവീസസ്, നാഷനൽ ടെക്‌നിക്കൽ റിസർച് ഓർഗനൈസേഷൻ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുടങ്ങിയ വയിലാകും നിയമനം.
പ്ലസ്ടു യോഗ്യതയുള്ളവർക്കായുള്ള കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്, മൾട്ടി ടാസ്‌കിങ് സ്റ്റാഫ്, സ്റ്റെനോ, ട്രാൻസ്‌ലേറ്റർ പരീക്ഷകളും എസ്എസ്‌സി നടത്താറുണ്ട്.
റെയിൽവേയിലേക്കൊരു ടിക്കറ്റ്
വലിയൊരു തൊഴിൽദാതാവു കൂടിയാണ് ഇന്ത്യൻ റെയിൽവേ. റിക്രൂട്മെന്റ് നടപടികൾ കൈക്കൊള്ളുന്നത് പ്രധാനമായും റെയിൽവേ റിക്രൂട്മെന്റ് ബോർഡാണ് (ആർആർബി). എൻജിനീയറിങ് സെക്‌ഷനിലേക്കുള്ള ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് ചില വർഷങ്ങളിൽ പതിനായിരത്തിലേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ജൂനിയർ ക്ലാർക്ക്, അക്കൗണ്ട്സ് ക്ലാർക്ക്, ട്രാഫിക് അസിസ്റ്റന്റ്, ഗുഡ്സ് ഗാർഡ്, സ്റ്റേഷൻ മാസ്റ്റർ തുടങ്ങി നോൺ–ടെക്നിക്കൽ തസ്തികകളിലെ നിയമനം ആർആർബി എൻടിപിസി (നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ്) പരീക്ഷ വഴിയാണ്.അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ആർആർബി എഎൽപി പരീക്ഷയും വിവിധ ഗ്രൂപ്പ് ഡി പോസ്റ്റുകൾക്കായി ആർആർബി ഗ്രൂപ്പ് ഡി പരീക്ഷയും വഴിയാണു നിയമനം. സിബിഎസ്‌ഇ, എൻസിഇആർടി തുടങ്ങിയവയിലെ ഒഴിവുകളും ശ്രദ്ധിക്കുക.
കേന്ദ്ര സർക്കാരിന്റെ ഉന്നതതല തസ്തികകളിലേക്കു വഴി തുറക്കുന്നത് യുപിഎസ്‌സി പരീക്ഷകളാണ്. സിവിൽ സർവീസസ് ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമെങ്കിലും മൊത്തം 24 സർവീസുകളുണ്ട്. എൻജിനീയറിങ് ബിരുദധാരികൾക്കായുള്ള എൻജിനീയറിങ് സർവീസ് എക്സാമിനേഷൻ, ഫോറസ്ട്രി സർവീസസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ് / ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, കംബൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് എക്സാമിനേഷൻ, കംബൈൻഡ് മെഡിക്കൽ സർവീസ് തുടങ്ങിയവയും വിവിധ മേഖലകളിൽ ഉന്നത തല ജോലികൾക്ക് അവസരമൊരുക്കുന്നു.
പലർക്കും യുപിഎസ്‌സി മുഖേനയുള്ള റിക്രൂട്മെന്റ് എന്നാൽ സിവിൽ സർവീസസാണ്. എന്നാൽ മറ്റ് മികവുറ്റ ഒട്ടേറെ കേന്ദ്ര ജോലികൾക്ക് യുപിഎസ്‌സി വഴിയൊരുക്കുന്നുണ്ടെന്നതാണു വസ്തുത. സിവിൽ സർവീസസിനു തൊട്ടുതാഴെയുള്ള ഗ്രൂപ്പ് ബി കേഡറിലും ഒട്ടേറെ അവസരങ്ങളുണ്ട്. സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു വേണ്ടി എല്ലാ വർഷവും യുപിഎസ്‌സി ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫിസർ പരീക്ഷ നടത്താറുണ്ട്. സൈനിക, അർധസൈനിക രംഗങ്ങളിൽ നാഷനൽ ഡിഫൻസ് അക്കാദമി / നേവൽ അക്കാദമി (എൻഡിഎ / എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസ് (സിഡിഎസ്), സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് എക്സാം തുടങ്ങി ഒട്ടേറെ മാസ് റിക്രൂട്മെന്റ് പരീക്ഷകളും യുപിഎസ്‌സി നടത്തുന്നു.
ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടതാണ് ഓൺലൈൻ റിക്രൂട്മെന്റ് ആപ്ലിക്കേഷൻ (ഒആർഎ) വഴി വിളിക്കുന്ന തസ്തികകൾ. സ്പെഷലൈസ്ഡ് ജോലികളിൽ പലതും ഈ പോർട്ടലിൽ പ്രത്യക്ഷപ്പെടാറുണ്ട്. നിലവിൽ ലേബർ എൻഫോഴ്സ്മെന്റ് ഓഫിസർ, വിവിധ ഡിപ്പാർട്മെന്റുകളിൽ സയന്റിസ്റ്റ്, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ (ഗ്രേഡ് 1) തുടങ്ങി 15 തസ്തികകളിലേക്കുള്ള അപേക്ഷ പോർട്ടലിൽ സജീവമാണ്.
കേന്ദ്ര സർവീസിന്റെ വലുപ്പവും വൈവിധ്യവും തിരിച്ചറിഞ്ഞാണ് തയാറെടുപ്പു നടത്തേണ്ടത്. നമുക്കു യോജിച്ച മേഖല കൃത്യമായി തിരഞ്ഞെടുത്തു ഫോക്കസ് ചെയ്യണം. ഓരോ പരീക്ഷയുടെയും സിലബസ് നന്നായി മനസ്സിലാക്കണം. ഒരേ സിലബസ് പാറ്റേൺ ഉള്ള പല പരീക്ഷകളുണ്ട്. ഇവയ്ക്കെല്ലാമായി ഒരുമിച്ചു തയാറെടുക്കാനാകും.
Content Summary : List of Central Service Exams After the 12th