Signed in as
Signed in as
Email sent successfully
Try Again !
തൊടുപുഴ ∙ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കു തുടക്കമായി. പുതിയ അധ്യയന വർഷം അപകടരഹിതമാക്കുകയാണു ലക്ഷ്യം. ജിപിഎസ്, സ്പീഡ് ഗവർണർ സംവിധാനങ്ങളടക്കം മോട്ടർ വാഹനവകുപ്പ് നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച വാഹനങ്ങൾക്കു മാത്രമാണു സുരക്ഷാ സ്റ്റിക്കർ പതിച്ചു നൽകുന്നത്.സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ, വാഹനങ്ങളുടെ ചുമതലയുള്ള അധ്യാപകർ എന്നിവർക്കായി മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലന ക്ലാസും നടത്തി.
എല്ലാ സ്കൂൾ അധികൃതരും അറിയിപ്പ് നൽകിയിട്ടുള്ള ദിവസങ്ങളിൽ വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്കു ഹാജരാക്കണമെന്നും പരിശോധനാ സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ഇടുക്കി ആർടിഒ ആർ. രമണൻ പറഞ്ഞു. 31 ന് മുൻപായി പരിശോധന പൂർത്തിയാക്കും.കുട്ടികളെ കൊണ്ടുപോകുന്ന മറ്റു സ്വകാര്യ, ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർക്കായി സ്കൂൾ തുറന്നശേഷം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും ആർടിഒ പറഞ്ഞു.
∙ തൊടുപുഴയിൽ പാസായത് 55 വാഹനങ്ങൾ
തൊടുപുഴ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാപരിശോധന ഇന്നലെ കോലാനി ഇറക്കുംപുഴയിൽ നടന്നു. ആകെ 59 വാഹനങ്ങൾ പരിശോധിച്ചു.
പരിശോധന വിജയകരമായി പൂർത്തിയാക്കിയ 55 സ്കൂൾ വാഹനങ്ങൾക്കു സ്റ്റിക്കറുകൾ പതിപ്പിച്ചു നൽകി. സ്പീഡ് ഗവർണർ, ജിപിഎസ് സംവിധാനം, ബ്രേക്ക് സിസ്റ്റം തുടങ്ങിയവയിൽ തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾ ഇവ പരിഹരിച്ചു വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി.
എംവിഐമാരായ കെ.കെ.ചന്ദ്രലാൽ, കെ.വി.റെജിമോൻ, എഎംവിഐമാരായ കെ.കെ.അജിത്കുമാർ, എസ്.മുരുകേഷ്, പി.ആർ.അയ്യപ്പ ജ്യോതിസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അടുത്ത പരിശോധന 27 നു കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ വളപ്പിൽ നടത്തുമെന്നു ജോയിന്റ് ആർടിഒ എസ്.എസ്.പ്രദീപ് അറിയിച്ചു.
ഇന്നലെ സുരക്ഷാ പരിശോധനയിൽ ഹാജരാക്കാൻ സാധിക്കാത്ത തൊടുപുഴ താലൂക്കിലെ സ്കൂൾ വാഹനങ്ങൾ അന്നേദിവസം നിർബന്ധമായും ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
∙ സ്കൂൾ യാത്ര കൂൾ യാത്രയാകാൻ…
ദേവികുളം താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടരുന്നു. കഴിഞ്ഞദിവസം മൂന്നാറിൽ 20 വാഹനങ്ങൾ പരിശോധിച്ചതിൽ 2 വാഹനങ്ങൾക്കു മാത്രമാണു സുരക്ഷാ സ്റ്റിക്കർ പതിച്ചു നൽകിയത്. 18 വാഹനങ്ങൾ ന്യൂനതകൾ പരിഹരിച്ചു വീണ്ടും ഹാജരാക്കാൻ നിർദേശിച്ചു.
ഇടുക്കി താലൂക്കിലും പരിശോധന ആരംഭിച്ചു. വണ്ടിപ്പെരിയാർ സബ് ആർടി ഓഫിസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ഇന്ന് ആരംഭിക്കും. ഉടുമ്പൻചോല സബ് ആർടി ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന 27, 29 തീയതികളിൽ നടത്താനാണു തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പുകൾ സ്കൂളുകൾക്കു നൽകിയിട്ടുണ്ടെന്നു മോട്ടർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.