ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് ആശങ്ക – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
കോട്ടയ്ക്കൽ∙ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജില്ലയിലെ എയ്ഡഡ് സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് ആശങ്കയുയരുന്നു. ചലാൻ അടച്ചിട്ടും പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അസിസ്റ്റന്റ് എൻജിനീയർമാർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുകയാണെന്നാണു പരാതി.
കെട്ടിടങ്ങൾ സുരക്ഷിതമാണെന്നു കാണിച്ച് അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപു സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾക്കു തദ്ദേശ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് നൽകാറുണ്ട്. ഇത്തരം  വിദ്യാലയങ്ങളിൽ നേരത്തേ പരിശോധന നടത്തിയാണു സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ, ഇത്തവണ മറ്റിടങ്ങളിൽ നൽകിയിട്ടും ജില്ലയിൽ മാത്രം തടഞ്ഞുവച്ചെന്നാണു പറയുന്നത്.
നിലവിലെ കെട്ടിടങ്ങൾക്കു കുഴപ്പമില്ലെങ്കിലും സ്കൂൾ വളപ്പിൽ തന്നെയുള്ള ശുചിമുറി, ഉച്ചഭക്ഷണം തയാറാക്കുന്ന കെട്ടിടം എന്നിവയ്ക്കെല്ലാം നമ്പറിട്ടു റഗുലറൈസ് ചെയ്യണമെന്നും എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നുമാണ് എൻജിനീയർമാരുടെ നിലപാട്. നികുതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളും കെട്ടിടങ്ങളും മറ്റും നമ്പറിട്ടു ക്രമീകരിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തമാസം 30 വരെ നീട്ടിയിട്ടുണ്ട്.
അപേക്ഷ സ്വീകരിച്ചു നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ കെട്ടിടങ്ങൾക്കു നികുതി ചുമത്താൻ സാധിക്കുകയുള്ളൂ. എന്നാൽ, വിദ്യാലയങ്ങൾക്കു നികുതി ഇല്ലെന്നിരിക്കെ ജില്ലയിൽ മാത്രം സർട്ടിഫിക്കറ്റ് നൽകാത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് എയ്ഡഡ് സ്കൂൾ മാനേജർമാർ പറയുന്നു. വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇങ്ങനെ ഒരു നിയമമില്ലെന്നാണു മന്ത്രി ബന്ധപ്പെട്ടവരെ അറിയിച്ചത്.
അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപന അധികൃതർക്കായിരിക്കുമെന്നും സ്കൂൾതല പരിശോധന ഉടൻ പൂർത്തിയാക്കി ഈ മാസം 31നകം സുരക്ഷാ സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകിയതായും കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് നാസർ എടരിക്കോട് പറഞ്ഞു.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top