കാഞ്ഞങ്ങാട് തീരദേശസദസ്സ് മീനാപ്പീസ് ഗവ.ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ അങ്കണത്തില്‍ മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: മീന്‍പിടുത്തവും മീന്വില്പനയും മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പറഞ്ഞിട്ടുള്ളതെന്ന ധാരണ മാറണമെന്നും വിദ്യാഭ്യാസത്തിലൂടെ മാറ്റം വേണമെന്ന ബോധ്യത്തിലേക്ക് ഭൂരിപക്ഷംവരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും എത്തണമെന്നും മന്ത്രി സജി ചെറിയാന്.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ തീരസദസ്സിന്റെ ഉദ്ഘാടനം നർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് എവിടംവരെ പഠിക്കണോ അവിടംവരെ സൗജന്യമായി സര്‍ക്കാര്‍ പഠിപ്പിക്കും. മാതാപിതാക്കള്‍ മരിച്ചാല്‍ കുട്ടികള്‍ അനാഥരാവില്ല.
അവരെയും ഏറ്റെടുത്ത് ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കും. ഫിഷറിസ് കോളജുകളില്‍ 20ശതമാനം സംവരണവും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 134 കോടി ചെലവിട്ടാണ് തീരദേശത്തെ സ്കൂളുകൾ നവീകരിച്ചത്. എല്ലാ സ്കൂളുകളും ഹൈടെക് ആക്കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സൗജന്യമായി നല്‍കുന്നത്.
പഠനംകഴിഞ്ഞാൽ തൊഴില്‍നല്‍കാനും സര്‍ക്കാര്‍ തയാറാണ്. മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ മറ്റൊരു തൊഴില്‍കൂടി സാധ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ നമ്പര്‍ വണ്‍ തലമുറയായിരിക്കും തീരദേശത്തിന്റെ സന്തതികള്‍ എന്നും മന്ത്രി പറഞ്ഞു.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷൂറന്‍സ് എടുക്കണമെന്നും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് തീരദേശസദസ്സ് സംഘടിപ്പിക്കുന്നത്. മീനാപ്പീസ് ഗവ. റീജനല്‍ ഫിഷറിസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സിൽ നടന്ന തീരസദസ്സില്‍ ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഫിഷറിസ് അസി.ഡയറക്ടര്‍ എന്‍.എസ്. ശ്രീനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാഥിതിയായി. നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത സ്വാഗതവും ഫിഷറിസ് ജോ. ഡയറക്ടര്‍ എ.പി. സതീഷ് നന്ദിയും പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയില്‍നിന്നും വിദ്യാഭ്യാസ, കായിക, തൊഴില്‍ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ മന്ത്രി ആദരിച്ചു. വിവിധ ധനസഹായങ്ങളും വിതരണം ചെയ്തു.