വായ്പയുടെ ഭാരവും പേറി വിദേശപഠനത്തിനൊരുങ്ങുകയാണോ? ഇക്കാര്യങ്ങളറിയുക – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
‘ചന്ദ്രനിൽ ചെന്നാലും കാണും ഒരു മലയാളിയുടെ കട’ എന്നു പറയുന്ന പോലെ ഏത് വിദേശരാജ്യത്ത് പോയാലും മലയാളി വിദ്യാർത്ഥികൾ ഒരുപാടുണ്ടാകും. ഏതാനും വർഷം മുൻപു വരെ ജോലി തേടിയാണ് മലയാളികൾ പറന്നിരുന്നതെങ്കിൽ ഇന്ന് പഠനത്തിനായി പോകുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. ജോലിസാധ്യത, ഉയർന്ന വേതനം, മികച്ച ജീവിതസൗകര്യങ്ങൾ, മേന്മയേറിയ വിദ്യാഭ്യാസ സമ്പ്രദായം എന്നിവയാണ് വിദേശ പഠനത്തിന് കുട്ടികളുടെ പ്രീതി നേടിക്കൊടുത്തത്. പക്ഷേ, വൻതുക കടമെടുത്ത് പുറംരാജ്യങ്ങളിലേക്കു പഠിക്കാൻ പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഒട്ടേറെ വസ്തുതകളുണ്ട്. 
എന്തുകൊണ്ട് വിദേശ പഠനം?
വിദേശ വിദ്യാഭ്യാസത്തിന് പല മികവുകളുമുണ്ട്. 
കഴിവിന് പ്രാമുഖ്യം
ഇന്ത്യയിൽ മാർക്ക് അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണെങ്കിൽ പല വിദേശരാജ്യങ്ങളിലും വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം. അതുകൊണ്ടു തന്നെ അവിടെ പഠിച്ചിറങ്ങുന്നവർക്ക് ജോലി, ഗവേഷണ സാധ്യതകൾ വളരെ കൂടുതലാണ്.
ലോകം അറിയാം
വളരെ വ്യത്യസ്തമായ സംസ്കാരത്തിന്റെ ഭാഗമാകാനും സ്വന്തം ജീവിതത്തിൽ ഉപയോഗപ്രദമാകുന്നവ സ്വീകരിക്കാനുമുള്ള അവസരം കൂടിയാണിത്. 
ജീവിക്കാൻ പഠിക്കും 
രക്ഷിതാക്കളുടെ സംരക്ഷണത്തിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് ഈ കൂടുമാറ്റം തരുന്ന സ്വാതന്ത്ര്യം കുറച്ചൊന്നുമല്ല. വീട് കണ്ടുപിടിക്കുക, ഭക്ഷണം പാകം ചെയ്യുക അങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടിവരും. 
ഉത്തരവാദിത്തബോധം
പഠനവും ജീവിതവും ഒരുപോലെ കൊണ്ടുപോകേണ്ടതു വിദ്യാർഥികളുടെ ഉത്തരവാദിത്തമാണ്. അതിനുള്ള സാഹചര്യവും മനസ്സും അവർ സ്വയം ഉണ്ടാക്കിയെടുക്കണം. 
സമഗ്ര വളർച്ച 
ഭാഷയും സമൂഹവും ഗവൺമെന്റും വിദ്യാഭ്യാസ സമ്പ്രാദയവും, എന്തിന് ആളുകളുടെ െപരുമാറ്റം പോലും തികച്ചും വ്യത്യസ്തമായ അവസ്ഥയിൽ നിന്നുകൊണ്ട് നമ്മുടെ വ്യക്തിത്വം പരമാവധി വികസിപ്പിക്കുമ്പോൾ കിട്ടുന്ന നേട്ടം വലുതാണ്. നാട്ടിൽ പഠിച്ച് ഒരു ഡിഗ്രി വാങ്ങുന്നതിനെക്കാൾ നമ്മുടെ എല്ലാത്തരത്തിലുമുള്ള വളർച്ചയെ ഇതു സഹായിക്കും. 
എംഎൻസികൾ ആവശ്യപ്പെടുന്ന മികവ് 
ഇന്ന് ബഹുരാഷ്ട്ര കമ്പനികൾ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ‘Diversity & Inclusion in Workspace’ എന്ന മികവ് നമ്മളിലുണ്ടാക്കാനുള്ള അവസരമാണ് വിദേശപഠനം. അതിലൂടെ ആർജിക്കുന്ന വ്യക്തിത്വം ഒരു ആഗോള വീക്ഷണം ഉണ്ടാക്കിക്കൊടുക്കും. 
എവിടെ, എപ്പോൾ?
∙കോഴ്സ്
തിരഞ്ഞെടുക്കുന്ന കോഴ്സ് സ്വന്തം അഭിരുചിക്കനുസരിച്ചുള്ളതാണോ എന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ജോലി സാധ്യത ഏറെയുള്ളതും പഠിച്ചെടുക്കാൻ കഴിയും എന്നുമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം. പിജി കോഴ്സ് നോക്കുന്നവർ ഗ്രാജുവേഷൻ അതുതന്നെ ചെയ്തിരിക്കണം എന്നില്ല. പക്ഷേ, എന്തുകൊണ്ട് ആ കോഴ്സ് തിരഞ്ഞെടുത്തു എന്ന് യൂണിവേഴ്സിറ്റിയെ ബോധ്യപ്പെടുത്താനാകണം. 
∙രാജ്യം
അടുത്തഘട്ടം ഏതു രാജ്യം എന്നതാണ്. പോസ്റ്റ് സ്റ്റഡി വർക്ക് വീസ, ജീവിതച്ചെലവ്, വിദ്യാർഥികളോടുള്ള െപരുമാറ്റം, പാർട് ടൈം ജോലി വ്യവസ്ഥകൾ എന്നിവ മനസ്സിലാക്കിവേണം രാജ്യം തിരഞ്ഞെടുക്കാൻ. ഇംഗ്ലിഷ് സംസാരിക്കുന്ന യുകെ, യുഎസ്എ, ഓസ്ട്രേലിയ, കാനഡ പോലുള്ളവ ഇന്നും മുന്നിൽ നിൽക്കുമ്പോൾ ന്യൂസീലൻഡ്, ജർമനി, ഫ്രാൻസ്, ചൈന, യുക്രെയ്ൻ, നെതർലൻഡ്സ് എന്നിവയും ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാണ്. കോവിഡും യുക്രെയ്ൻ യുദ്ധവും ബ്രെക്സിറ്റും വീസ നിയമങ്ങളും ഇതിനു ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഇന്നും ഭൂരിഭാഗം വിദ്യാർഥികളും ഇവയാണ് പൊതുവേ തിരഞ്ഞെടുക്കുന്നത്.
∙യൂണിവേഴ്സിറ്റി
ഏറെ മുഖ്യമാണ് യൂണിവേഴ്സിറ്റിയും. അക്കാദമിക് പ്രാവീണ്യവും തൊഴിൽ പരിചയവുമുള്ള പിജി, റിസർച് വിദ്യാർഥികൾ യൂണിവേഴ്സിറ്റിക്ക് വളരെ പ്രാധാന്യം കൊടുക്കണം. യുകെയിൽ റസൽ ഗ്രൂപ്പ് യൂണിവേഴ്സിറ്റിയും യുഎസ്എയിൽ ഐവി ലീഗ് പോലുള്ളവയും വേൾഡ് റാങ്കിങ്ങിൽ‌ ഉന്നത സ്കോറിങ്ങുള്ള യൂണിവേഴ്സിറ്റികളും വിദ്യാർഥികൾക്കു തിരഞ്ഞെടുക്കാം. ടൈം, ഹയർ എജ്യുക്കേഷൻ, വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്, യുഎസ് േവൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് മുതലായവ നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാം.
പാർട് ടൈം അവസരങ്ങൾ 
പുറംരാജ്യങ്ങളിൽ സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനമാണ്. യൂണിവേഴ്സിറ്റികളും ഗവണ്‍മെന്റും വിദ്യാർഥികൾക്ക് ഒഴിവു സമയങ്ങളിൽ ജോലി ചെയ്യാനുള്ള സാധ്യതകൾ ഒരുക്കിത്തരും. സ്റ്റുഡന്റ് വീസയിൽ കുറച്ചുസമയം ജോലി ചെയ്യാനുള്ള വ്യവസ്ഥയുണ്ട്. 
പഠനത്തിനൊപ്പം ജോലി ചെയ്യാമെന്നത് ഗുണകരമാണ്. ചിട്ടയുള്ള ജീവിതവും പാർട് ടൈം വരുമാനവും നല്ലൊരു സ്കോളർഷിപ്പും ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ കോഴ്സ് പൂർത്തിയാക്കാം. പ്ലാൻ ചെയ്താൽ കടബാധ്യതകളും പെട്ടെന്നു വീട്ടാം.
മുന്നൊരുക്കങ്ങൾ 
ഒരു ലിസ്റ്റ് തയാറാക്കി അതിൽത്തന്നെ ഹാർഡ്, മീഡിയം, ഈസി എന്നിങ്ങനെ േവർതിരിച്ച് മുൻഗണനാക്രമത്തിൽ കോഴ്സുകൾ മനസ്സിലാക്കുക. സമയത്ത് അപേക്ഷിക്കാനും അതിന്റെ നടപടികൾ പിന്തുടരാനും ഇതു സഹായിക്കും. ഇതുവഴി നിങ്ങളുടെ മുൻഗണനയ്ക്ക് അനുസരിച്ചുള്ള കോഴ്സ് കിട്ടാനുള്ള സാധ്യത കൂടും. 
ലാംഗ്വേജ് ടെസ്റ്റോ GMAT, GRE, IELTS, TOEFL പരീക്ഷകളോ പാസ്സാവേണ്ട കോഴ്സ് ആണെങ്കിൽ ഇതിനുള്ള ഒരുക്കം നേരത്തേ തുടങ്ങണം. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ മേയ്, സെപ്റ്റംബർ, ജനുവരി മാസങ്ങളിലാണ് പൊതുവേ അധ്യയനവർഷം ആരംഭിക്കുന്നത്. അതിൽത്തന്നെ സെപ്റ്റംബറിലാണ് ഏറ്റവും കൂടുതൽ കോഴ്സുകൾ തുടങ്ങുന്നത്. മിക്ക യൂണിവേഴ്സിറ്റികളും അപേക്ഷാ നടപടികൾ ഒരു വർഷം മുൻപു തന്നെ ആരംഭിക്കും. 
നിങ്ങളുടെ ലിസ്റ്റിലെ യൂണിവേഴ്സിറ്റികളുടെ ലിങ്ക് നോക്കിയാൽ അപേക്ഷിക്കാനുള്ള സമയം ലഭിക്കും. മിക്ക സ്കോളർഷിപ്/ ഫെലോഷിപ്പിനായുള്ള അപേക്ഷ സ്വീകരിക്കുന്നതും ഈ സമയത്താണ്. 
English Summary : Know more About Overseas Study Preparetions

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top