സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; കേരളത്തിന്റെ കണക്ക് ‘അസംഭവ്യ’മെന്ന് കേന്ദ്രം – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
ന്യൂഡൽഹി ∙ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു കേരള വിദ്യാഭ്യാസ വകുപ്പു നൽകിയ കണക്കുകൾ ‘അസംഭവ്യമാണെന്നു’ കേന്ദ്രത്തിന്റെ നിരീക്ഷണം. കണക്കുകളുടെ ആധികാരിക ഉറപ്പാക്കാൻ സംഘത്തെ അയയ്ക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. 

പിഎം പോഷൻ പദ്ധതിയുടെ പ്രൊജക്ട് അപ്രൂവൽ ബോർഡും (പിഎബി) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളും പങ്കെടുത്ത ഈ മാസം 5നു ചേർന്ന യോഗത്തിലാണു 2022–23 വർഷത്തെ കണക്കുകളും അവതരിപ്പിച്ചത്. വരുന്ന അധ്യയന വർഷം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. പ്രൈമറി തലത്തിൽ (1–5 ക്ലാസ്) 99% വിദ്യാർഥികളിലേക്കും പദ്ധതി എത്തിക്കാൻ സാധിച്ചുവെന്നാണു കേരളം അറിയിച്ചത്. ഈ ക്ലാസുകളിൽ ആകെ എൻറോൾ ചെയ്തത് 16,91,216 പേരാണ്. അപ്പർ പ്രൈമറി തലത്തിലെ (6–8 ക്ലാസ്) 11,45,178 വിദ്യാർഥികളിൽ 95% പേർക്കും ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണം കിട്ടി. അങ്കണവാടികളിൽ 85% പേർ ഇതിന്റെ ഗുണഭോക്താക്കളായി. 
പ്രൈമറി തലത്തിലെ ഏറക്കുറെ മുഴുവൻ വിദ്യാർഥികളും പദ്ധതിയുടെ ഭാഗമായെന്നും ഇത് അസംഭവ്യമാണെന്നും യോഗത്തിന്റെ മിനുറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു വിവരങ്ങൾ നേരിട്ട് പരിശോധിക്കാൻ കേന്ദ്ര–സംസ്ഥാന ഉദ്യോഗസ്ഥരുടെ സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചത്. ഇവർ സ്കൂൾ, ബ്ലോക്ക്, ജില്ലാ തലത്തിൽ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കും. 
ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്നവരുടെ വിവരം അപ്പോൾ തന്നെ രേഖപ്പെടുത്തുന്നതാണു രീതിയെന്നും ഇതിനു കൃത്യമായ സംവിധാനം ഉണ്ടെന്നും കേരളത്തിൽ നിന്നു യോഗത്തിൽ പങ്കെടുത്ത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉൾപ്പെടെയുള്ളവർ വിശദീകരിച്ചു. സ്കൂളുകൾ സമർപ്പിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും ജൂലൈയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 
17,673 പാചകക്കാർ 

പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം 17,673 പാചകക്കാർക്കാണ് അനുമതി നൽകിയിരുന്നത്. ഇതിൽ 13,611 പേരെ കേരളം വിനിയോഗിച്ചു. വരുന്ന അധ്യയന വർഷത്തിൽ 17,673 പേരെ നിയോഗിക്കാനാണു കേരളം ശുപാർശ സമർപ്പിച്ചത്. സ്കൂളുകളിൽ 5481 അടുക്കളയും സ്റ്റോർ മുറിയും നിർമിക്കാൻ 152.02 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇവയുടെ നിർമാണം പൂർത്തിയാക്കി. 

English Summary : Central government says Kerala education department give improper figures in school lunch scheme

source


Leave a Comment

Your email address will not be published. Required fields are marked *